പാരിസ്: ഇസ്രേലി ആക്രമണത്തിൽ ലബനീസ് സേനയിലെ മൂന്നു പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ യേതെർ ഗ്രാമത്തിൽ പരിക്കേറ്റവരെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെയാണ് സൈനികർ ആക്രമണത്തിനിരയായത്.
കൊല്ലപ്പെട്ടവരിൽ ഒരു ഓഫീസറും ഉൾപ്പെടുന്നു. സെപ്റ്റംബറിൽ ഹിസ്ബുള്ള-ഇസ്രയേൽ യുദ്ധമാരംഭിച്ചശേഷം ഇത് എട്ടാം തവണയാണു ലബനീസ് സേന ആക്രമിക്കപ്പെടുന്നത്.
ഇതിനിടെ, ലബനനിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ അന്താരാഷ്ട്ര ഉച്ചകോടി ആരംഭിച്ചു. ലബനനിൽ ജീവകാരുണ്യ സഹായം എത്തിക്കുന്നതിനു പുറമേ ലബനീസ് സേനയെ ശക്തിപ്പെടുത്തുന്നതുകൂടി ലക്ഷ്യമിട്ടാണ് ഉച്ചകോടി.
ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷത്തിനുള്ള നയതന്ത്ര പരിഹാരത്തിൽ ലബനീസ് സേനയ്ക്കു പ്രധാന പങ്കുവഹിക്കാനാകുമെന്നാണു നിഗമനം.
വെടിനിർത്തൽ യാഥാർഥ്യമായി ഹിസ്ബുള്ളകൾ പിൻവാങ്ങുന്ന തെക്കൻ അതിർത്തിയിൽ ലബനീസ് സേനയെ വിന്യസിക്കാനാകും. നിലവിൽ ഇസ്രയേലിനോടു ചേർന്ന തെക്കൻ അതിർത്തി ഹിസ്ബുള്ള നിയന്ത്രണത്തിലാണ്. ലബനീസ് സേനയ്ക്ക് ഇവിടെ കാര്യമായ സ്വാധീനമില്ല.
ലബനീസ് സേനയിൽ 6,000 പേരെക്കൂടി റിക്രൂട്ട് ചെയ്യുന്നതിനെ ഉച്ചകോടി പിന്തുണയ്ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. ആക്രമണങ്ങളും നാശവും ഭീകരവാദത്തിന് അറുതിവരുത്തുകയോ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലബനന് ഫ്രാൻസ് 10.8 കോടി ഡോളറിന്റെ സഹായം നല്കുമെന്ന് മക്രോൺ അറിയിച്ചു. 10.3 കോടി ഡോളറിന്റെ സഹായം ജർമനിയും പ്രഖ്യാപിച്ചു. രാജ്യങ്ങളും സംഘടനകളും അടക്കം 70 പാർട്ടികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.