ജറുസലെം: റോഡപകടത്തെത്തുടർന്ന് ശരീരത്തിൽനിന്ന് ഏറെക്കുറെ വേർപെട്ട ശിരസ് ശരീരത്തോട് പുനർയോജിപ്പിച്ച് ശസ്ത്രക്രിയാരംഗത്ത് ഇസ്രേലി ഡോക്ടർമാരുടെ പുതിയ വിജയഗാഥ.
വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന 12 വയസുകാരനായ പലസ്തീനിയൻ ബാലൻ സുലൈമാൻ ഹസനാണു മരണത്തിന്റെ വക്കിൽനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
അപകടത്തിൽ നട്ടെല്ലിന്റെ മുകളിലെ കശേരുക്കളിൽനിന്ന് തലയോട്ടി വേർപെട്ടതിനെത്തുടർന്ന് ‘ആന്തരിക ശിരഛേദം’സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. ബൈക്കിൽ പോകുകയായിരുന്ന ഹസനെ ഒരു കാർ ഇടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ എയർ ആംബുലൻസിൽ ജറൂസലേമിലെ ഹദസ മെഡിക്കൽ സെന്ററിൽ എത്തിച്ച് ഉടൻതന്നെ ട്രോമാ യൂണിറ്റിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
അവന്റെ തല കഴുത്തിന്റെ അടിയിൽനിന്ന് ഏതാണ്ട് പൂർണമായും വേർപെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു.ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകളോളം വേണ്ടിവന്നു. ഹസന്റെ അതിജീവന സാധ്യത 50 ശതമാനം മാത്രമായിരുന്നുവെന്നും അവൻ സുഖം പ്രാപിച്ചത് അദ്ഭുതംതന്നെയാണെന്നും ഡോക്ടർമാർ പറഞ്ഞു.
നിരന്തര നിരീക്ഷണത്തിനും ആരോഗ്യം വീണ്ടെടുത്തതിനുംശേഷം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തശേഷം കഴിഞ്ഞ ദിവസമാണ് ഈ ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരം ഡോക്ടർമാർ വെളിപ്പെടുത്തിയത്.
കുട്ടിയുടെ ആരോഗ്യം നിരീക്ഷിക്കുന്നത് തുടരുമെന്നും പ്രധാന രക്തക്കുഴലുകൾ കേടുകൂടാതെയിരുന്നതിനാൽ മാത്രമാണ് ശസ്ത്രക്രിയ സാധ്യമായതെന്നും ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ.ഒഹാദ് എയ്നാവ് പറഞ്ഞു.