ഗാസ: ഹമാസിനെതിരേ മുഴുവൻ ശക്തിയുമുപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
സംഘർഷം അവസാനിക്കാൻ സമയമെടുക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.
മണിക്കൂറുകൾക്കകം ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഗാസ മുനന്പിൽ ശക്തമായ ആക്രമണം തുടരുകയും ചെയ്തു.സംഘർഷം അവസാനിപ്പിക്കണമെന്ന യുഎൻ ആവശ്യത്തെ നിരസിച്ചാണ് ആക്രമണം നടക്കുന്നത്. വെടിനിർത്തലിന് ഇല്ലെന്ന് ഹമാസും പ്രഖ്യാപിച്ചിട്ടുണ്ട്.
വെടിനിർത്തൽ ഉണ്ടാകണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ പൂർണമായി അംഗീകരിക്കണമെന്ന് ഹമാനസ് ഡെപ്യൂട്ടി തലവൻ മൗസ അബു മർസൂഖ് പറഞ്ഞു.
ഇരുകൂട്ടരും ആക്രമണം നിർത്തില്ലെന്ന നിലപാട് എടുത്തതോടെ യുഎൻ രക്ഷാസമിതി ഓണ്ലൈനിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.
യുഎൻ യോഗ സമയത്തും ഹമാസിനെതിരായ ആക്രമണം ഇസ്രയേൽ തുടർന്നിരുന്നു.ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറോളമാണ്.
അന്പതിലേറെ കുട്ടികളും ഇതിൽപ്പെടുന്നു. എണ്പതു തവണ യുദ്ധവിമാനങ്ങൾ ഗാസയിൽ ആക്രമണം നടത്തിയെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.
ഈ മേഖലയിലെ വൈദ്യുതി വിതരണ ശൃംഖല അപ്പാടെ തകർന്നു. ഹമാസ് ചീഫ് യഹിയ അൽ സിൻഹറിന്റെ വീടും വ്യോമാക്രമണത്തിൽ തകർത്തതായി സൈന്യം പറഞ്ഞു. ഇസ്രയേലിൽ ഇതുവരെ പത്തുപേർ കൊല്ലപ്പെട്ടു.
സമാധാനം പാലിക്കണമെന്ന് ഇന്ത്യ
പശ്ചിമേഷ്യൻ സംഘർഷം ഉടൻ അവസാനിപ്പിച്ച് ഇരുപക്ഷലും സമാധാനം പാലിക്കണമെന്ന് യുഎൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.
ഇസ്രയേലിലെ സാധാരണക്കാരെ ഉന്നംവച്ച് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണവും ഇസ്രയേലിന്റെ തിരിച്ചടിയും കനത്ത നഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്.
സംഘർഷത്തിൽ ഇസ്രയേലിൽ മലയാളിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ട വിവരം ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി സഭയെ അറിയിച്ചു. ആക്രമണം നിർത്തണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു.