ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി ഇന്ത്യ; ഫെബ്രുവരി 15ന് ഐഎസ്ആര്‍ഒ ഒറ്റ റോക്കറ്റില്‍ വിക്ഷേപിക്കുന്നത് 104 ഉപഗ്രഹങ്ങള്‍

isro1ബംഗളുരു: ബഹികാകാശ രംഗത്ത് പുതിയ ചരിത്രം രചിക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഒറ്റത്തവണത്തെ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണ് പദ്ധതി. ഇതില്‍ 101 എണ്ണം വിദേശ ഉപഗ്രഹങ്ങളായിരിക്കും. ഫെബ്രുവരി 15ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ്  ഈ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.

” രാവിലെ ഒമ്പതുമണിയോടെ ഭൂമിയ്ക്ക് 500 കിലോമീറ്റര്‍ മുകളിലുള്ള സണ്‍-സിംക്രണൈസിഡ് ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങളെത്തിക്കാമെന്നാണ് ഞങ്ങള്‍ കണക്കു കൂട്ടുന്നത്”.ഐഎസ്ആര്‍ഒ പ്രതിനിധി പറയുന്നു.104 ഉപഗ്രഹങ്ങളും ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളാണ്. ഇന്ത്യയുടേതായി മൂന്നെണ്ണമുള്ളപ്പോള്‍ 88 എണ്ണവും  യുഎസില്‍ നിന്നുള്ളതാണ്. ഇസ്രയേല്‍, കസാഖിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളാണ് ശേഷിക്കുന്നവ. 320 ടണ്‍ ഭാരമുള്ള റോക്കറ്റില്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാ(പിഎസ്എല്‍വി)ണ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടു പോവുന്നത്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരം വരും. 650 കിലോഗ്രാം ഭാരം വരുന്ന വിദൂര സംവേധന ഉപഗ്രഹം കാര്‍ട്ടോസാറ്റ്-2ഉം 15 കിലോഗ്രാം വീതം ഭാരം വരുന്ന ഐഎ,ഐബി എന്നീ നാനോ സാറ്റലൈറ്റുകളും ഇന്ത്യയുടേതായി ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങളെ ഒറ്റത്തവണ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ബഹിരാകാശ രംഗത്ത് നിര്‍ണായക കുതിപ്പ് നടത്തിയിരുന്നു. ഇത്തവണ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതോടെ 2014 റഷ്യ സ്ഥാപിച്ച 37 ഉപഗ്രഹങ്ങളുടെ റിക്കാര്‍ഡും അമേരിക്ക 2013ല്‍ സ്ഥാപിച്ച 29 ഉപഗ്രഹങ്ങളുടെ റിക്കാര്‍ഡും വഴിമാറും.

Related posts