ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള യന്ത്രക്കൈ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഡെബ്രിസ് ക്യാപ്ചർ റോബോട്ടിക് മാനിപുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഇസ്രൊ പുറത്തുവിട്ടു. ബഹിരാകാശത്ത് ഒഴുകിനടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ കെൽപ്പുള്ള റോബോട്ടാണിത്.
തിരുവനന്തപുരം വിഎസ്എസ്സിയാണ് റോബോട്ടിക് മാനിപുലേറ്റർ നിർമിച്ചത്. ഭാവിയിൽ ബഹിരാകാശത്തുതന്നെ ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും.
സ്പെഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താത്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. അതിൽവച്ചായിരുന്നു റോബോട്ടിന്റെ പരീക്ഷണവും.