വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുന്നു…അവസാന ശ്രമവുമായി ഐഎസ്ആര്‍ഒ; പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍-2 അവസാന നിമിഷമുണ്ടായ പാളിച്ചയെത്തുടര്‍ന്ന് ഫലപ്രാപ്തിയിലെത്താതെ പോവുകയായിരുന്നു.അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡറെ കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷയായി. ഏറ്റവും അവസാനം നിരാശതരുന്ന വാര്‍ത്തയാണ് വരുന്നത്.

ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി തീരാന്‍ ഏഴുദിവസം മാത്രമേ ഇനിയുള്ളൂ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇനിയൊരൊറ്റ സാധ്യതയാണ് ശാസ്ത്ര ലോകത്തിന് മുന്നിലുള്ളത്. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ സിഗ്‌നല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വലിയ സാധ്യത തന്നെയുണ്ടാകും. എന്നാല്‍ അതിന് അത്ഭുതം തന്നെ സംഭവിക്കണമെന്നാണ് കരുതുന്നത്. അതേസമയം ശാസ്ത്രജ്ഞന്‍മാര്‍ക്ക് എല്ലാ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുണ്ട്. പണം ഒരു പ്രശ്നമേയല്ലെന്നും വിജയക്കുതിപ്പാണ് വേണ്ടതെന്നുമാണ് മോദിയുടെ നിലപാട്. മോദിയുടെ ശക്തമായ പിന്തുണ ശാസ്ത്രജ്ഞര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്.

നാസയുള്‍പ്പെടെയുള്ള സ്‌പേസ് ഏജന്‍സികളും വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള തീവ്രശ്രമത്തിലാണ്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയില്‍ നിന്ന് ശക്തിയേറിയ റേഡിയോ സിഗ്നലുകള്‍ വിക്രം ലാന്‍ഡര്‍ ലക്ഷ്യമാക്കി അയച്ചുവെന്നും വിവരമുണ്ട്. ഇത് ഫലപ്രാപ്തിയില്‍ എത്തിയാല്‍ ഇന്ത്യയ്ക്ക് ആഹ്ലാദിക്കാം.

ഈ മാസം ഏഴിന് പുലര്‍ച്ചെ 1.45ന് ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ആശയവിനിമയം നഷ്ടമായത്. ഇത് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയതാകാമെന്നായിരുന്നു ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ചന്ദ്രോപരിതലത്തിന് 500 മീറ്റര്‍ മുകളില്‍ വച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. അതേസമയം തന്നെ ഐ.എസ്.ആര്‍.ഒ.യുടെ ബെംഗളൂരുവിലെ നിയന്ത്രണ കേന്ദ്രത്തില്‍ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലാന്‍ഡറിലെ ബാറ്ററികള്‍ക്കും സോളാര്‍ പാനലുകള്‍ക്കും 14 ദിവസം മാത്രമേ ആയുസുള്ളൂ. ഏഴുദിവസമായിട്ടും ആശയവിനിമയം പുനഃസ്ഥാപിക്കാനായിട്ടില്ലാത്തതാണ് വലിയ വെല്ലുവിളി. അവശേഷിക്കുന്ന ചുരുങ്ങിയ സമയംകൊണ്ട് ആശയവിനിമയം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഐ.എസ്.ആര്‍.ഒ.യ്ക്കു മുന്നിലുള്ളത്.

ഓരോ നിമിഷം കഴിയും തോറും ലാന്‍ഡറിലെ ബാറ്ററിയുടെ ശേഷി കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും പ്രവര്‍ത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചില്ലെങ്കിലും ചന്ദ്രയാന്‍ രണ്ട് പരാജയമല്ലെന്നാണ് ലോക ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. നാസ ഉള്‍പ്പെടെയുള്ള ശാസ്ത്രലോകത്തിന്റെ അഭിനന്ദനം ചന്ദ്രയാന് ലഭിച്ചിട്ടുണ്ട്. വിജയത്തേക്കാളേറെ മുന്നില്‍ നില്‍ക്കുന്ന പരാജയ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഇതുവരെ ആരും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇന്ത്യ പുറപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് അവസാന നിമിഷം വിജയം കൈവിട്ടെങ്കിലും ഇന്ത്യയ്ക്ക് കയ്യടി ലഭിക്കുന്നത്. സോഫ്റ്റ് ലാന്‍ഡിംഗ് ഉദ്ദേശിച്ചിടത്തു നിന്നും 750 മീറ്റര്‍ മാറിയാണ് വിക്രം ലാന്‍ഡര്‍ പതിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്.

Related posts