ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി. ഇതു സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കൂടുതല്‍ നഷ്ടപരിഹാരത്തിനുള്ള കേസ് തുടരുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ സ്വാതന്ത്യവും അന്തസും അട്ടിമറിക്കപ്പെട്ടെന്നും കേരളാപോലീസിന്റെ നടപടി ദുരുദ്ദേശപരമെന്നും കോടതി വ്യക്തമാക്കി. തന്നെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു കൊണ്ട് നമ്പി നാരായണണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്,പോലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ ജോഷ്വ,എസ്. വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ നിര്‍ണായകമാണ് ഇന്നത്തെ വിധി.
1992ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ തുടങ്ങുന്നത്. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ,ഫൗസിയ ഹസന്‍ എന്നീ മാലി സ്വദേശിനികള്‍ വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം. എന്നാല്‍ റഷ്യന്‍ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭിക്കാതിരിക്കാന്‍ അമേരിക്ക കളിച്ച കളിയാണ് ഇത്തരമൊരു കഥയ്ക്കു പിന്നിലെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.
235 കോടി രൂപയ്ക്ക് റഷ്യയില്‍ നിന്ന് ക്രയോജനിക് സാങ്കേതിക വിദ്യ വാങ്ങാന്‍ ഇന്ത്യ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതേ സമയത്ത് തന്നെ സമാനമായ സാങ്കേതിക വിദ്യ അമേരിക്കയും ഫ്രാന്‍സും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. സാങ്കേതിക വിദ്യ കൈമാറുന്നതിനായി അമേരിക്ക ആവശ്യപ്പെട്ടത് 950 കോടിയും ഫ്രാന്‍സ് ആവശ്യപ്പെട്ടത് 650 കോടിയും ആയിരുന്നു.
ഈ ഓഫര്‍ നിരസിച്ച് താരതമ്യേന കുറഞ്ഞ തുകയില്‍ റഷ്യയില്‍ നിന്ന് ക്രയോജനിക് സാങ്കേതിക വിദ്യ വാങ്ങാന്‍ ശ്രമിച്ചത് ഇരു രാജ്യങ്ങളെയും ചൊടിപ്പിച്ചു. ഈ രാജ്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറുന്നതില്‍ നിന്നും റഷ്യ പിന്മാറുകയും ചെയ്തു. തുടര്‍ന്ന അമേരിക്ക കളിച്ച കളിയാണ് ഈ ചാരക്കേസ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകള്‍ കേസ് ആളിക്കത്തുന്നതില്‍ നിര്‍ണായ പങ്കു വഹിക്കുകയും ചെയ്തു. ഈ കേസ് ആദ്യം അന്വേഷിച്ച സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറ്റാരോപിതര്‍ കളങ്കിതരാണെന്നു കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തില്‍ തെളിവുകളുടെ അഭാവത്തില്‍ 1998ല്‍ കേസ് എഴുതിത്തള്ളുകയാണുണ്ടായത്. പിന്നീട് കേരളാ ഹൈക്കോടതി 2001ല്‍ നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നമ്പി നാരായണന് നല്‍കുകയും ചെയ്തു.
2013ല്‍ ഒരു മാധ്യമ ചര്‍ച്ചയില്‍ ഈ ഗൂഢാലോചനയുടെ പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാന്‍ താന്‍ ആഗ്രഹിക്കുന്നതായി നമ്പി നാരായണന്‍ പറഞ്ഞിരുന്നു. ഇത്തരം കേസുകള്‍ യുവതലമുറയുടെ ധൈര്യം ചോര്‍ത്തിക്കളയുന്നതാണെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് കോടതി നടപടികളുമായി നീങ്ങുന്നതും ഇപ്പോള്‍ ഇങ്ങനെയൊരു വിധി സമ്പാദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും. നമ്പി നാരായണനെതിരേ ഇങ്ങനെയൊരു കേസ് ഉയര്‍ന്നില്ലായിരുന്നെങ്കില്‍ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ വളരെ മുമ്പേ കരസ്ഥമാക്കുമായിരുന്നു എന്നു കരുതുന്നവരും ഏറെയാണ്.