പുരാതന ബൈബിൾ ലിഖിതങ്ങൾ അടങ്ങിയ ചുരുൾശകലങ്ങൾ ഇസ്രേലി ഗവേഷകർ യൂദയൻ മരുഭൂമിയിലെ ഗുഹയിൽനിന്നു കണ്ടെത്തി.
2,000 വർഷത്തെ പഴക്കം അനുമാനിക്കുന്നു. എഴുപതു വർഷം മുന്പ് ചാവുകടൽ ചുരുളുകൾ ലഭിച്ചശേഷം ബൈബിളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കണ്ടെത്തലാണിത്.
കേവ് ഓഫ് ഹൊറർ എന്ന ഗുഹയിൽനിന്നാണ് ഡസൻകണക്കിനു തുകൽ ചുരുൾശകലങ്ങൾ ലഭിച്ചത്.
ബൈബിളിലെ സഖറിയാ, നാഹും പ്രവാചകന്മാരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് ഇവയിലുള്ളത്. ഗ്രീക്കിലാണ് എഴുത്ത്. എന്നാൽ, ദൈവത്തിന്റെ നാമം മാത്രം ഹീബ്രുവിലാണ്.
രണ്ടാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിനെതിരേ നടന്ന ബർ കോഖ്ബാ വിപ്ലവത്തിൽ പരാജയപ്പെട്ട് മരുഭൂമിയിൽ അഭയം തേടിയ യഹൂദന്മാരുടെതാണ് ഈ ചുരുളുകളെന്ന് അനുമാനിക്കുന്നു.
ബിസി നാലാം നൂറ്റാണ്ടിൽ അലക്സാണ്ടർ യൂദയാ കീഴ്പ്പെടുത്തിയശേഷം ഗ്രീക്കായിരുന്നു അവിടുത്തെ സാഹിത്യഭാഷ.
വിപ്ലവകാലത്ത് യഹൂദന്മാർ അടിച്ചിറക്കിയ നാണയങ്ങളുടെ ശേഖരം, ആറായിരം വർഷം മുന്പ് ജീവിച്ചിരുന്ന കുഞ്ഞിന്റെ മമ്മിയാക്കി സൂക്ഷിച്ച മൃതദേഹം, 10,500 വർഷം പഴക്കമുള്ളതും നാരുകൾ കൊണ്ടുണ്ടാക്കിയതുമായ ഒരു കുട്ട എന്നിവയും കേവ് ഓഫ് ഹൊററിൽനിന്നു കണ്ടെത്തി.
1948 മുതൽ യൂദയൻ ഗുഹകളിൽനിന്ന് ബൈബിൾ കയ്യെഴുത്തു പ്രതികളുടെ അനേകം ചുരുൾശകലങ്ങളും 40 അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു.
മരുഭൂമിയിലെ ഗുഹകൾ കൊള്ളയടിക്കപ്പെടുന്നതു തടയാനുള്ള നീക്കത്തിനിടെയാണ് വീണ്ടും ചുരുളുകൾ കണ്ടെത്തിയത്.
ബിസി മൂന്ന്, എഡി ഒന്ന് നൂറ്റാണ്ടുകൾക്കിടെ രചിക്കപ്പെട്ട ഈ ചുരുളുകൾ, ബൈബിൾ പുസ്തകങ്ങളുടെ ലഭ്യമായ ഏറ്റവും പഴക്കമുള്ള പകർപ്പുകളാണ്.