ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സംശയം. ഉത്തർപ്രദേശിൽ നാല് പേർ പിടിയിൽ. യുപി പൊലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തു.
നവേദ് സിദ്ദിഖി (23), മുഹമ്മദ് നാസിം (23) മുഹമ്മദ് നൊമാൻ (27), റാക്കിബ് ഇമാം അൻസാരി(29), എന്നിവരാണ് അറസ്റ്റിലായത്. അലിഗഡ് മുസ്ലീം സർവകലാശാലാ ബിരുദധാരികളാണ് ഇവർ.
പ്രതികളിൽ നിന്ന് മൊബൈൽ ഫോണും പെൻഡ്രൈവും പിടിച്ചെടുത്തു. ഐഎസുമായി മറ്റുള്ള ആളുകളെ ബന്ധിപ്പിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ശ്രമങ്ങൾ നടത്താൻ ഇവർ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
സമാന ചിന്താഗതിക്കാരായ ആളുകൾക്കിടയിൽ ഐഎസുമായി ബന്ധപ്പെട്ട ലേഖനങ്ങൾ പ്രതികൾ വിതരണം ചെയ്തിരുന്നു. മാത്രമല്ല താൽപരരായ ആളുകളെ തീവ്രവാദ ഗ്രൂപ്പുമായി ഇവർ ബന്ധപ്പെടുത്തുകയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ “ഭീകര ജിഹാദിന്” തയാറെടുപ്പുകൾ നടത്തുകയും ചെയ്തു. രാജ്യത്തിനകത്തും പുറത്തും ഭീകരാക്രമണങ്ങൾക്ക് ഇവർ പദ്ധതി ഇട്ടിരുന്നതായി കണ്ടെത്തി.
ഇവര്‍ സോഷ്യല്‍ മീഡിയയും ഐഎസിന്റെ പാന്‍ ഇന്ത്യ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ടാണ് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്നാണ് പ്രാഥമിക വിവരം.