എം.ജെ. റോബിൻ
നെടുംപുറംചാൽ: “ചുരുങ്ങിയ സമയം കൊണ്ട് എല്ലാം നശിച്ചു. വീടും കൃഷിയിടവും തൊഴുത്തും കൺമുന്നിൽ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി.
ഇതിലും ഭേദം തങ്ങളും അങ്ങു പോകുന്നതായിരുന്നു…..’- ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ഈറ്റപ്പുറത്ത് ഐസക്കിന്റെ വാക്കുകളാണിത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ നെടുംപുറംചാൽ നെല്ലായിനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ദുരിതക്കയത്തിലായി.
കല്ലും മണ്ണും കൂറ്റൻ പാറക്കെട്ടുകളും ശക്തിയായി താഴോട്ട് ഇടിച്ചിറങ്ങിയപ്പോൾ നഷ്ടമായത് വീടും കൃഷിയും കന്നുകാലികളും.
അതിശക്തമായി പൊട്ടിപ്പുറപ്പെട്ട മലവെള്ളപ്പാച്ചിൽ രണ്ടായി പിളർന്ന് ഐസക്കിന്റെ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.
സമീപത്തെ കിണറും ആറോളം പശുക്കൾ ഉണ്ടായിരുന്ന ഫാമും കൃഷിയും കെടുതിയിൽ നഷ്ടപ്പെട്ടു. അപകടസമയത്ത് ഗൃഹനാഥനായ ഐസക്ക് വീട്ടിലുണ്ടായിരുന്നില്ല.
ഭാര്യയും രണ്ടു കുട്ടികളും വീടിന് ഇരുവശത്തുനിന്നും മണ്ണും വെള്ളവും ഇരച്ചെത്തുന്നതും കിണർ ഇടിഞ്ഞുതാഴുന്നതും കണ്ടതിനെത്തുടർന്ന് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.
ഇവർ വീട്ടിൽനിന്നിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ വീടിന്റെ ഒരു ഭാഗം മഴവെള്ളം കൊണ്ടുപോയി. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽകൊണ്ട് ഫാമിനകത്തെ പശുക്കൾ രക്ഷപ്പെട്ടു.
എങ്കിലും ഒരു പശുക്കിടാവിനെ നഷ്ടമായി. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസം ഉണ്ടെങ്കിലും കൃഷിയും ഉപജീവനമാർഗവും ഫാമും നഷ്ടപ്പെട്ടതിലുള്ള വേദന ഈ കുടുംബത്തിനു താങ്ങാനാവുന്നതിലേറെയാണ്.
70 വർഷത്തിലേറെയായി പ്രദേശത്ത് ഇത്തരം പ്രകൃതിദുരന്തങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
നെടുംപുറംചാലിൽനിന്നും വെള്ളാറ 24-ാം മൈലിലേക്ക് പോകുന്ന പ്രധാന റോഡായ നെല്ലായിനി പ്രദേശത്തെ ഈറ്റപുറത്ത് ഐസക്കിന്റെ വീടിനു മുകളിൽനിന്നും കുത്തിയൊലിച്ചിറങ്ങിയ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് പ്രദേശത്തെ 30ഓളം കുടുംബങ്ങൾ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ട് ഒറ്റപ്പെട്ട നിലയിലാണ്.