പൂച്ചാക്കൽ: വിവാഹ വസ്ത്രം വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ ഇനി ആരും വിഷമിക്കരുത്. ഇസ്മത്തിന്റെ ഇസാറ ബോട്ടിക്കിലെത്തിയാൽ വിവാഹ വസ്ത്രങ്ങൾ സൗജന്യം.
ലക്ഷങ്ങൾ വിലവരുന്ന സാരിയും ലാച്ചയുമൊക്കെ ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞെത്തുന്ന കല്യാണപ്പെണ്ണിനെ കാണാൻ നല്ല ഭംഗിയാണ്.
പക്ഷേ അവരിലേറെപ്പേരും വിവാഹവസ്ത്രം പിന്നീടൊരിക്കൽ പോലും ധരിക്കാറില്ല. വിവാഹ വസ്ത്രങ്ങൾ വെറുതേ അലമാരയ്ക്കുള്ളിൽ സൂക്ഷിക്കും.
ഏതാനും മണിക്കൂർ നേരത്തേക്കു മാത്രമേ ആ വസ്ത്രങ്ങൾ ധരിക്കൂവെന്നറിയാമെങ്കിലും മിക്കവരും വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല.
എന്നാൽ കല്യാണദിവസം മാത്രം ഉടുത്ത സാരിയോ സൽവാറോ നിങ്ങളുടെ വീട്ടിൽ വെറുതേയിരിക്കുന്നുണ്ടെങ്കിൽ ഇസ്മത്തിനെ വിളിക്കാം.
കല്യാണവസ്ത്രം വാങ്ങാൻ കഷ്ടപ്പെടുന്ന ഒരുപാട് പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. അവര്‍ക്കുവേണ്ടിയാണ് ഇസ്മത്ത് വസ്ത്രങ്ങൾ ശേഖരിക്കുന്നത്.
ആവശ്യക്കാർക്ക് ഇസാറയിലെത്തിയാൽ ഇഷ്ടമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് സന്തോഷത്തോടെ മടങ്ങാം.
ചേർത്തല അരൂക്കുറ്റി റോഡിൽ കോട്ടൂർ പള്ളിക്കവലയിൽ ഭർത്താവ് റിൻഷാദിനോടൊപ്പം കട നടത്തുന്ന ഇസ്മത്ത് ഇപ്പോൾ ആത്മസംതൃപ്തിയിലാണ്.
കാരണം നിരവധി പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനു നിറമുള്ള വസ്ത്രങ്ങൾ സൗജന്യമായി നൽകാൽ സാധിക്കുന്നു എന്നതുതന്നെ.
കുറേപ്പേര് പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കിയിട്ടുണ്ടെന്ന് ഇസ്മത്ത് നന്ദിപൂര്‍വം ഓര്‍ക്കുന്നു.
ഒരുവർഷത്തിനിടെ എഴുപതോളം വിവാഹങ്ങൾക്ക് സഹായിക്കാനായി എന്ന സംതൃപ്തി യിലാണ് ഇസ്മത്ത്.