ഗാസാ സിറ്റി: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളാണ്.
ഗാസാ സിറ്റിയിലെ ഷാതി അഭയാർഥി ക്യാന്പ് പ്രവർത്തിച്ചിരുന്ന മൂന്നുനിലക്കെട്ടിടത്തിനു നേർക്ക് ഇന്നലെ രാവിലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. കൊല്ലപ്പെട്ടവരിൽ എട്ടുപേർ കുട്ടികളാണ്.
ഗാസ മുനന്പിലെ മൂന്നാമത്തെ വലിയ അഭയാർഥി ക്യാന്പാണു ഷാതി. അഭയാർഥി ക്യാന്പിലെ ആക്രമണത്തിനെതിരേ ഹമാസ് തിരിച്ചടിച്ചു. അഷ്കലോൺ, അഷ്ദോദ് എന്നിവിടങ്ങളിലായിരുന്നു ഹമാസ് ആക്രമണം.
ഇന്നലെ ഗാസാ സിറ്റിയിൽ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന ബഹുനിലക്കെട്ടിടം ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നു.
അസോസിയേറ്റഡ് പ്രസ്(എപി), അൽ-ജസീറ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസും പാർപ്പിടങ്ങളും അടങ്ങുന്ന 12 നില കെട്ടിടമാണ് നിലംപൊത്തിയത്.
ആക്രമണത്തിന് ഒരു മണിക്കൂർ മുന്പായി ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.
ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ 139 പേരാണു മരിച്ചത്. ഇതിൽ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടുന്നു. ഇസ്രയേലിൽ എട്ടു പേർ കൊല്ലപ്പെട്ടു.
സംഘർഷം ആറു ദിവസം പിന്നിട്ടതോടെ സമവായ നീക്കവുമായി മറ്റു രാജ്യങ്ങൾ രംഗത്തെത്തി. യുഎസ് നയതന്ത്രജ്ഞൻ ഹാദി അമർ വെള്ളിയാഴ്ച ഇസ്രയേലിലെത്തിയിരുന്നു.
ഒരു വർഷത്തേക്കു വെടിനിർത്തലിനുള്ള ഈജിപ്തിന്റെ നിർദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ തള്ളി.
ഇസ്രയേലിലേക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുടരുകയാണ്. ഇതിനിടെ ഈസ്റ്റ് ജറുസലേമിൽ യഹൂദരും അറബ് വംശജരും തമ്മിലുള്ള തെരുവുയുദ്ധം തുടരുകയാണ്.
ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിൽ അതിർത്തിവേലി മുറിച്ച് കടന്ന ലെബനീസ്, പലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ ഒരു ലെബനൻ പൗരൻ കൊല്ലപ്പെട്ടു. സിറിയയിൽനിന്നു മൂന്നു റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചു.
നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്നു വ്യക്തമല്ല.
പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രയേലിലേക്ക് 2,500 റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ് ഒഫിർ ജെൻഡെൽമാൻ പറഞ്ഞു.
ഇതിൽ മൂന്നിലൊന്നും ഗാസാ മുനന്പിൽ തന്നെ പതിച്ച് പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നു ജെൻഡെൽമാൻ കൂട്ടിച്ചേർത്തു.