കോതമംഗലം: ഇസ്രയേൽ-പലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഭീതിയിൽ.
കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ നിന്നു മാത്രം നൂറുകണക്കിനു മലയാളി നഴ്സുമാർ ഇസ്രയേലിൽ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ കുടുബാംഗങ്ങളും ഭയത്തിലാണ്.
ഹമാസ് തീവ്രവാദികൾ തൊടുത്തുവിടുന്ന മിസൈൽ എത്തുന്നതിനു മുമ്പുള്ള സൈറൺ കേൾക്കുമ്പോൾ കണ്ണിൽ ഇരുട്ടു കയറുമെന്ന് ടെൽ അവീവിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾ താമസിക്കുന്ന വീടിനു മുകളിലൂടെയാണ് നൂറുകണക്കിനു മിസൈലുകൾ കടന്നുപോയി സമീപത്തു വീണതെന്ന് അവർ പറഞ്ഞു. മിസൈൽ വർഷം ഇപ്പോഴും ഇടയ്ക്കിടെ തുടരുന്നുമുണ്ട്.
കെയർടേക്കർമാരായും ആശുപത്രി സ്റ്റാഫ് ആയിട്ടുമാണു മലയാളികൾ ഇസ്രയേലിൽ ജോലി ചെയ്തുവരുന്നത്.
പല കെട്ടിടങ്ങളിലും സുരക്ഷാ അറകൾ ഉണ്ട്. എന്നാൽ പഴയ കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമല്ലാത്തത് ഇവരെ ആകുലപ്പെടുത്തുന്നുണ്ടെന്ന് അടിമാലി സ്വദേശിയായ നഴ്സ് പറഞ്ഞു.
ഏജൻസികളാൽ കബളിപ്പിക്കപ്പെട്ട് ഇസ്രയേലിൽ പെട്ടുപോയവരും നിരവധിയാണ്.
കോവിഡ് മഹാമാരിമൂലം രണ്ടു വർഷത്തിലേറെയായി നാട്ടിലെത്താനോ സ്വന്തം മക്കളെ പോലും കാണാനോ കഴിയാത്ത ദുഃഖത്തിനിടെയാണ് ജീവനെടുക്കുന്ന ഭീതിദമായ അന്തരീക്ഷവും.
സംഘർഷം മറ്റൊരു തലത്തിലേക്ക് മാറിയാൽ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഇസ്രയേലിലെ മലയാളി നഴ്സുമാർ.