ജറുസേലം: ഇസ്രയേലിനു നേരെ വീണ്ടും ഹമാസ് ആക്രമണം. ഇസ്രയേൽ ഗാസയിലും ഖാൻയൂനിസിലും നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നിരവധി ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഹമാസ് നിരവധി റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തത്.
തെക്കൻ ഇസ്രയേലിന്റെ പല ഭാഗങ്ങളിലും റോക്കറ്റ് പതിച്ചു. ആക്രമണത്തിൽ ഒരു കുട്ടി മരിച്ചതായാണ് റിപ്പോർട്ട്.
അതേസമയം ഗാസയിലെ ഹമാസ് തീവ്രവാദികളും ഇസ്രേലി സൈന്യവും തമ്മിലുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധമായി പരിണമിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.
രണ്ടുദിവസത്തിനിടെ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്.
ഇസ്രേലി സൈന്യം ഗാസയിൽ നൂറുകണക്കിനു വ്യോമാക്രമണങ്ങൾ നടത്തി. ഗാസയിൽ 14 കുട്ടികളടക്കം 65 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് അടക്കം ഏഴ് പേരാണ് ഇസ്രയേലിൽ മരിച്ചത്.
അൽ അഖ്സ മോസ്ക് വളപ്പിൽ ഇസ്രയേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പലസ്തീനികളും ഇസ്രേലി പോലീസും തമ്മിൽ ദിവസങ്ങൾ നീണ്ട കൈയാങ്കളിയാണ് സൈനിക ഏറ്റുമുട്ടലായി മാറിയിരിക്കുന്നത്.
പിന്തുണയുമായി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലിനു പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു.