ഗാസാ സിറ്റി: ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിനു താൽക്കാലിക വിരാമം. ഏകപക്ഷീയമായ വെടിനിർത്തൽ ഇസ്രയേലും ഹമാസും അംഗീകരിച്ചു.
ഇതോടെ ഗാസ മുനമ്പിലെ 11 ദിവസമായി നടന്നുവരുന്ന സൈനിക നടപടികൾക്ക് വിരമമാവും. വെടിനിർത്തലിന് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്നാണ് തീരുമാനം. വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വെടിനിർത്തൽ ഒരുപോലെ ഒരേസമയം നടക്കുമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. വെടിനിർത്തലിനായി ഇസ്രയേലും ഹമാസുമായി ഈജിപ്തിന്റെ നേതൃത്വത്തിൽ ചർച്ച നടന്നുവരികയായിരുന്നു.