ജറുസലെം: കിഴക്കൻ ജറുസലെമിലെ പലസ്തീൻ മേഖലകളിൽ മാർച്ച് നടത്തുമെന്ന ഇസ്രയേലിലെ തീവ്രദേശീയവാദികളുടെ പ്രഖ്യാപനം സംഘർഷത്തിനു വഴിതെളിക്കുമെന്ന് ഹമാസ്.
ഇതുവഴി പലസ്തീനിൽ പുതിയ സംഘർഷം ഉടലെടുക്കുമെന്നാണ് ഹമാസ് പറയുന്നത്. പ്രകോപനം സൃഷ്ടിക്കുകയാണ് മാർച്ചിലൂടെ ലക്ഷ്യമിടുന്നതെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു.
ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രതിഷേധവും ഹമാസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിച്ചു.
മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത് നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ ഇസ്രേലി സർക്കാരിനും വെല്ലുവിളിയാണ്.
മാർച്ചിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി ബലൂണുകളാണ് ഇസ്രയേലി അതിർത്തി മേഖലയിലേക്ക് ഗാസയിൽ നിന്ന് തൊടുത്തുവിട്ടത്. നിരവധിയിടങ്ങളിൽ ചെറിയ അഗ്നിബാധകൾക്ക് ഇതു വഴിതെളിക്കുകയും ചെയ്തു.
കഴിഞ്ഞമാസം പതിനൊന്നുദിവസത്തോളം മേഖലയിൽ ഇസ്രേലി സൈന്യവും ഹമാസും അതിരൂക്ഷമായ പോരാട്ടത്തിലായിരുന്നു. തുടർന്നു വെടിനിർത്തൽ കരാറിന് ഇരുവിഭാഗവും സമ്മതിക്കുകയുമായിരുന്നു.