എം.ജി. ലിജോ
കേരള ക്രിക്കറ്റിനെ ഇന്നു കാണുന്ന പ്രതാപത്തിലേക്ക് എത്തിച്ചതിനു പിന്നില്‍ ടി.സി. മാത്യുവെന്ന സംഘാടകന്റെ റോള്‍ വളരെ വലുതാണ്. നല്ലൊരു സ്റ്റേഡിയം പോലും ഇല്ലാതിരുന്ന കാലത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ അമരത്തേക്ക് എത്തിയ മാത്യുവിന്റെ ഇടപെടലില്‍ കേരളം ദേശീയ രംഗത്ത് നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
കൂടുതല്‍ സ്റ്റേഡിയങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, കളിക്കാര്‍ക്ക് മാന്യമായ പ്രതിഫലം തുടങ്ങിയ കാര്യങ്ങളിലെല്ലാം കേരള ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടമായിരുന്നു അത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറിമറിയുകയാണ്.
മാത്യു കെസിഎയില്‍ നിന്ന് മാറിയതോടെ സംഘടനയില്‍ കാര്യങ്ങള്‍ കുത്തഴിഞ്ഞതായി. കാസര്‍ഗോഡിന്റെ ക്രിക്കറ്റ് സ്വപ്നങ്ങളുടെ തിലകക്കുറിയായി മാറിയേക്കാവുന്ന സ്റ്റേഡിയവും കൈവിട്ടു പോകുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
ടി.സി. മാത്യു കെസിഎയുടെ തലപ്പത്തിരുന്ന കാലത്താണ് എല്ലാ ജില്ലകളിലും സ്റ്റേഡിയം നിര്‍മിക്കുകയെന്ന ആശയം ഉരുത്തിരിഞ്ഞത്. ഇതുപ്രകാരം ഒട്ടുമിക്ക ജില്ലകളിലും സ്റ്റേഡിയം നിര്‍മിച്ചു.
കാസര്‍ഗോഡും ഇതേ പദ്ധതി അനുസരിച്ച് സ്ഥലമേറ്റെടുത്ത് നിര്‍മാണം തുടങ്ങി. അന്ന് സ്ഥലമേറ്റെടുക്കാന്‍ നേതൃത്വം നല്കിയ ജില്ലാ ക്രിക്കറ്റ് അസേസിയോഷനിലെ ഒരുവിഭാഗം തന്നെയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷനില്‍നിന്ന് ടി.സി. മാത്യുവിനെ എന്നെന്നേക്കുമായി ഒതുക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന ആരോപണവുമുണ്ട്.
എട്ടു കോടിയോളം രൂപയാണ് സ്റ്റേഡിയത്തിനായി ഇതുവരെ മുടക്കിയിരിക്കുന്നത്. 2013ലായിരുന്നു മാന്യയില്‍ സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങുന്നത്. 2014ല്‍ നിര്‍മാണം ആരംഭിച്ചു. കാസര്‍ഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയായിരുന്ന ടി.എം. ഇക്ബാലും കെസിഎ സ്ഥിരം ക്ഷണിതാവായിരുന്ന കെ.എം. അബ്ദുള്‍ റഹ്മാനും ചേര്‍ന്നാണ് ഈ സ്ഥലം വാങ്ങിയതെന്ന് മാത്യുവിനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു. അന്നൊന്നും സ്ഥലത്തെപ്പറ്റി യാതൊരുവിധ പരാതിയും ഉയര്‍ന്നിരുന്നില്ല.
പരാതി ഉയര്‍ന്നപ്പോള്‍ കെസിഎ അന്വേഷണ കമ്മീഷനെ വച്ചിരുന്നു. അഞ്ചംഗ കമ്മിറ്റിയില്‍ അബ്ദുള്‍ റഹ്മാനും ഉള്‍പ്പെട്ടിരുന്നു. അന്ന് സ്ഥലം വാങ്ങിയപ്പോള്‍ പ്രശ്നം ഉന്നയിക്കാത്തയാള് പിന്നീട് അന്വേഷണ കമ്മീഷന് അംഗമായി സ്ഥലം വാങ്ങലിനെതിരേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും എങ്ങനെയാണെന്ന് കെസിഎയിലെ ഒരുകൂട്ടര്‍ ചോദിക്കുന്നു.
എന്തായാലും കാസര്‍ഗോഡിന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ തകര്‍ക്കുന്ന കെസിഎ നിലപാടിനെതിരേ ആരാധകര്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.