സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ മനസ് നിറച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം താരം പ്രണേഷ് വി. കെയുടെ വീഡിയോയ്ക്കാണ് ആരാധകരേറുന്നത്. ബംഗളൂരുവിലെ ഓറിയണ്‍ മാളിന്റെ മുന്പില് പേന വിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന കുട്ടിയെ സഹായിക്കാന്‍ പ്രണേഷ് കാണിച്ച മനസാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
അച്ഛന്റെ അകാലമരണവും സാമ്പത്തിക പ്രതിസന്ധിയും കാരണം ചെറുപ്രായത്തിൽ തന്നെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതനായിരുന്ന കുട്ടിയെ സഹായിക്കുന്ന കാഴ്ചയാണ് വൈറലായിരിക്കുന്നത്. ആരോരുമില്ലാത്ത കുട്ടിയുടെ അവസ്ഥയില്‍ അനുകമ്പ തോന്നിയ താരം കുട്ടിക്ക് ഭക്ഷണവും വസ്ത്രവും വാങ്ങി നൽകുന്നതാണ് വീഡിയോയിലുള്ളത്. ആദ്യമായി മാളില്‍ കയറാന്‍ സാധിച്ച കുട്ടിയുടെ മുഖത്തെ സന്തോഷം വീഡിയോയില്‍ കാണാം. പുത്തന്‍ വസ്ത്രങ്ങളും ഷൂസും സമ്മാനമായി ലഭിച്ച കുട്ടിയുടെ നിഷ്കളങ്കമായ പ്രതികരണം കാഴ്ചക്കാരുടെ മനസ് നിറച്ചു.
ആദ്യമായി മാളില്‍ കയറിയ കുട്ടിയുടെ മുഖത്തെ സന്തോഷം അമൂല്യമായിരുന്നു എന്ന ക്യാപ്ഷനോടു കൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 7.7 മില്ല്യന്‍ ആളുകളാണ് വീഡിയോ കണ്ടത്. താരത്തിനെ പ്രശംസിച്ച് ആയിരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുന്നത്. സന്തോഷവും രസകരവുമായ കമന്റുകളുമായി സമൂഹമാധ്യമങ്ങള്‍ വീഡിയോ ഏറ്റെടുത്തു. ഒരുപാട് അനര്‍ഥ സംഭവങ്ങള്‍ അരങ്ങേറുന്ന കാലഘട്ടത്തില്‍ ഇത്തരം വീഡിയോകള്‍ ആളുകള്‍ക്ക് പ്രചോദനമാകുന്നമെന്നും സൈബര്‍ ലോകം അഭിപ്രായപ്പെട്ടു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.