കമ്പനിയുടെ വളര്ച്ചയ്ക്കായി ആത്മാര്ഥമായി പണിയെടുക്കുന്നവരെ സന്തോഷിപ്പിക്കാനായി പല കമ്പനികളും അപ്രതീക്ഷിത സമ്മാനങ്ങള് നല്കാറുണ്ട്.
അത്തരത്തിലൊരു കാര്യമാണ് ഇപ്പോള് ഒരു ഇന്ത്യന് ഐടി കമ്പനി ചെയ്തിരിക്കുന്നത്. വരുമാനം നൂറ് കോടി ഡോളര് പിന്നിട്ടതോടെ മുഴുവന് ജീവനക്കാര്ക്കും ആപ്പിള് ഐ പാഡ് നല്കി ആഘോഷിക്കാനാണ് കമ്പനിയുടെ പദ്ധതി.
2022- 23 സാമ്പത്തിക വര്ഷത്തിന്റെ നാലാം പാദത്തില് നിര്ണ്ണായകമായ രണ്ട് നേട്ടങ്ങള് ഉണ്ടായത് ആഘോഷിക്കാനാണ് 21,000 ജീവനക്കാര്ക്കും ഐ. പാഡ് നല്കാന് കോഫോര്ജ് എന്ന ഐ.ടി കമ്പനി തീരുമാനിച്ചത്.
നോയിഡയും യു.എസിലെ ന്യൂജേഴ്സിയും കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഐ.ടി. കമ്പനിയാണ് കോഫോര്ജ്.
നൂറ് കോടി ഡോളര് വരുമാനത്തിന് പുറമേ, കമ്പനി അഞ്ച് ശതമാനം വളര്ച്ചയും നേടിയിരുന്നു. അടുത്ത സാമ്പത്തിക വര്ഷവും നേട്ടം തുടരാന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോഫോര്ജ് സി.ഇ.ഒ. സുധിര് സിങ് പറഞ്ഞു.
ഏതാണ്ട് 80 കോടി രൂപയോളമാണ് ജീവനക്കാര്ക്ക് സമ്മാനം നല്കാനായി മാത്രം കമ്പനിക്ക് ചെലവുണ്ടാവുകയെന്ന് മണി കണ്ട്രോള് റിപ്പോര്ട്ട് ചെയ്തു.
കമ്പനിയുടെ മൊത്തവരുമാനം 24.5 ശതമാനം വര്ധിച്ച് മാര്ച്ച് 31 അവസാനിച്ച പാദത്തില് 2,170 കോടി രൂപയായി.