തിരുവനന്തപുരം: മദ്യവില്പന കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഐടി പാർക്കുകളിലും മദ്യം വിൽക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
സർക്കാർ-സ്വകാര്യ ഉടമസ്ഥതയിലുള്ള ഐടി പാർക്കുകൾക്കു മദ്യവില്പനയ്ക്കുള്ള അനുമതി നൽകി അബ്കാരി ചട്ടങ്ങളിൽ ഭേദഗതിയും വരുത്തി.
ഐടി കന്പനികളിലെ ജീവനക്കാർക്കൊപ്പം ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാമെന്ന് നിർദേശത്തിൽ പറയുന്നു. ഇതോടെ സംസ്ഥാനത്തെ ഐടി പാർക്ക്, ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങിയ ഇടങ്ങളിൽ മദ്യവില്പന നടത്താം.
ഐടി പാർക്ക് ഡെവലപ്പറുടെ പേരിലാണ് ലൈസൻസ് അനുവദിക്കുക. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസ്.
ലൈസൻസ് ലഭിക്കുന്ന കന്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽനിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂവെന്നാണു ചട്ടം.
ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തനസമയവും നിശ്ചയിച്ചിട്ടുണ്ട്.