ബർലിൻ: ജർമനിയിലെ ഏറ്റവും ജനപ്രിയ ജോലികളിലൊന്നായ ഐടി മേഖലയിൽ കംപ്യൂട്ടർ വിദഗ്ധരെ തേടി ജർമൻ കന്പനികൾ വീണ്ടും വാതിൽ തുറക്കുന്നു. തൊഴിൽ വിപണിയിൽ നന്നായി പരിശീലനം ലഭിച്ച, യോഗ്യതയുള്ള മികച്ച കംപ്യൂട്ടർ പ്രഫഷണലുകൾക്കു മികച്ച അവസരങ്ങളുമായിട്ടാണ് ഐടി കന്പനികളുടെ നെട്ടോട്ടം.
ജർമനിയിൽ അടിയന്തരമായി 82,000ലേറെ ഐടി കംപ്യൂട്ടർ വിദഗ്ധരെ ആവശ്യമുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ പഠന റിപ്പോർട്ട് വന്നത്. ചെറുതും വലുതുമായ 2000ഓളം ജർമൻ കന്പനികളിലാണ് ഈ തൊഴിലവസരങ്ങൾ.
ബ്ലൂ കാർഡ് വീസ
നിലവിൽ ഐടി മേഖലയിലേക്കു പുറംരാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ ഒട്ടനവധി എത്തുന്നുണ്ട്. ഇവർക്കൊക്കെ ഇംഗ്ലീഷ് അടിസ്ഥാനമാണ്. എന്നാൽ, ജർമൻഭാഷതന്നെ വേണമെന്ന ചില കന്പനികളുടെ കാർക്കശ്യം കാരണം ഇന്ത്യയിൽനിന്നു, പ്രത്യേകിച്ചു കേരളത്തിൽനിന്നുള്ള ഐടി വിദഗ്ധർ ഇങ്ങോട്ടേക്കു കുടിയേറാൻ മടിക്കുകയായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാൻ ജർമൻ ഭാഷ ഐടി വിദഗ്ധർക്കു നിർബന്ധമാക്കേണ്ടതില്ലെന്നു കന്പനികൾ ആവശ്യപ്പെടുന്നത് ഈ മേഖലയിലെ ജോലിക്കാരുടെ ദൗർലഭ്യമാണു തുറന്നുകാട്ടുന്നത്.
ഒരു കംപ്യൂട്ടർ വിദഗ്ധനു പ്രതിവർഷം 48,000 മുതൽ 60,000 യൂറോ വരെയാണ് ശന്പളം. ബ്ലൂകാർഡ് വീസയാണു ലഭിയ്ക്കുന്നതെങ്കിൽ അടിസ്ഥാനമായി 42,000 യൂറോ നൽകണമെന്നു നിയമമുണ്ട്. ഇതു കൂടാതെ ചിലവൻകിട കന്പനികൾ നൽകുന്ന മറ്റ് അനുകൂല്യങ്ങൾ വേറെയും.
2000ൽ ജർമനിയിൽ അന്നത്തെ ചാൻസലർ ഗേഹാർഡ് ഷ്രൊയ്ഡർ നടത്തിയ ഐടി ഗ്രീൻകാർഡ് വിപ്ലവത്തിന്റെ അടിസ്ഥാനത്തിൽ ഏതാണ്ട് 14,000 ഇന്ത്യക്കാർ ജർമനിയിലേക്കു കുടിയേറിയിരുന്നെങ്കിലും ഇതിൽ പകുതിയിലേറെപ്പേർ പലവിധ കാരണങ്ങളാൽ തിരികെപ്പോയി.
അതിനു ശേഷം 2009 ൽ തുടങ്ങിയ ബ്ലൂ കാർഡ് സംവിധാനത്തിൽ 2013നുശേഷം ഒട്ടനവധി ഐടി വിദഗ്ധർ ജർമനിയിലെത്തുന്നുണ്ട്. എന്നിട്ടും കന്പനികൾക്കു ജോലിക്കാരെ തികയുന്നില്ല. ഈ വർഷം മാത്രം, ജർമനിയിൽ 82,000 ഐടി ഉദ്യോഗസ്ഥരുടെ കുറവുണ്ടായത് ഈ മേഖലയെ പിന്നോട്ടടിച്ചതായാണ് കണക്കുകൾ.
സ്വന്തമായി കണ്ടെത്താം
ഐടി വിദ്യാഭ്യാസത്തിൽ മാസ്റ്റർ ബിരുദമുള്ളർക്കു കൂടുതൽ അവസരങ്ങളുണ്ട്. താൽപര്യമുള്ളവർക്ക് ഒരു ഏജൻസിയുടെയും സഹായമില്ലാതെ ഇന്റർനെറ്റിൽ സെർച്ചുചെയ്താൽ ഐടി മേഖലയിൽ നിലവിലെ ഒഴിവുകൾ കണ്ടെത്താം. തുടർന്ന് അതതു കന്പനികളുമായി ബന്ധപ്പെട്ടു വീസയും മറ്റു കാര്യങ്ങളുമായി മുന്നോട്ടു പോകാനാവും.
ബ്ലൂ കാർഡിന്റെ അടിസ്ഥാനത്തിൽ രേഖകൾ എല്ലാം ശരിയായി കഴിഞ്ഞാൽ ജർമനിയിലെത്തി ജർമൻ ഭാഷ ബിടു ലെവൽ ഉണ്ടെങ്കിൽ ഇവർക്ക് 21 മാസത്തിനു ശേഷം ജർമൻ പൗരത്വവും സർക്കാർ വാഗ്ദാനം നൽകുന്നുണ്ട്.
ഇനിയും അഥവാ ജർമൻ ഭാഷാ ലെവൽ ബി വണ് ആണെങ്കിൽ ഇത്തരക്കാർക്ക് 33 മാസത്തിനു ശേഷം ജർമൻ പൗരത്വവും സർക്കാർ വാഗ്ദാനം ചെയ്യുന്നു. നഴ്സുമാരുടെ തൊഴിലവസരങ്ങളെക്കുറിച്ചു ദീപിക തുടർച്ചയായി നൽകിയ റിപ്പോർട്ടുകളെത്തുടർന്നു നിരവധി മലയാളികൾ ജർമനിയിലേക്ക് എത്തിയിരുന്നു.
ഡോക്ടർമാർ
ജർമൻ ആശുപത്രികളിലും മെഡിക്കൽ പ്രാക്ടീസുകളിലും പതിനായിരത്തോളം ഡോക്ടർമാരുടെ കുറവുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്, വൈദ്യശാസ്ത്രത്തിൽ വിദേശ ബിരുദം നേടിയ ആർക്കും ജർമനിയിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിക്കും.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽനിന്നും യൂറോപ്യൻ ഇതര രാജ്യങ്ങളിൽനിന്നുമുള്ള അംഗങ്ങൾക്ക് ഇതു ബാധകമാണ്. പ്രസക്തമായ ബിരുദം ഒരു ജർമൻ മെഡിക്കൽ യോഗ്യതയ്ക്ക് തുല്യമാണെന്ന് അംഗീകരിക്കണം. കൂടാതെ ജർമൻ ഭാഷാ ജ്ഞാനം സി ടു ലെവൽ ഉണ്ടായിരിക്കണം.
തൊഴിൽ മേഖലകൾ
എൻജിനിയറിംഗ് മേഖലകൾ, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി, നാച്ചറൽ സയൻസസ്, ടെക്നോളജി, ആരോഗ്യരംഗം, നഴ്സ്, സാന്പത്തിക വിദഗ്ധൻ, ബിസിനസ് അഡ്മിനിസ്ട്രേറ്റർ,അക്കൗണ്ട് മാനേജർ, ക്ലയന്റ് കണ്സൾട്ടന്റ്, പ്രൊഡക്ഷൻ അസിസ്റ്റന്റ്, സെയിൽസ് പ്രതിനിധി, സെയിൽസ് അസിസ്റ്റന്റ്, സെയിൽസ് മാനേജർ, പ്രോഡക്ട് മാനേജർ, ആർക്കിടെക്റ്റ്, സ്ട്രക്ചറൽ എൻജിനിയർ എന്നീ തൊഴിൽ മേഖലകളിൽ അവസരങ്ങളുണ്ട്.
ജോസ് കുന്പിളുവേലിൽ