എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരേ നടപടി.
അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. പകരം നീർ മുഹമ്മദിനു അധികച്ചുമതല നൽകി. അതേസമയം. ഐടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതായി വിവരമില്ല.
ഓഫീസിനെ തന്നെ മുൾമുനയിൽ നിർത്തിയിരിക്കുന്ന സ്വർണകടത്തു കേസിൽ എം ശിവശങ്കറിന്റെ പങ്ക് സംശയ നിലയിൽ ആയ സാഹചര്യത്തിൽ ശിവശങ്കറിനോട് വിശദീകരണം മുഖ്യമന്ത്രി തേടി.
തന്റെ ഓഫീസിനെ സ്വർണ കടത്തു കേസിലേക്ക് വലിച്ചഴിക്കപ്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അസ്വസ്ഥനാണ്. സ്പ്രിംഗളർ ഉൾപ്പടെ പല വിവാദങ്ങളും ഐടി വകുപ്പിനെതിരെ ഉയർന്നപ്പോഴും ഐടി സെക്രട്ടറി ശിവശങ്കറിനെ സംരക്ഷിച്ച് നിർത്തിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു.
സ്പ്രിംഗ്ളറിലും വിവാദത്തിൽ
സ്പ്രിംഗ്ളർ വിവാദത്തിൽ ഐടി സെക്രട്ടറി നടത്തിയ പത്രസമ്മേളനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സിപിഐ ഉൾപ്പടെ കടുത്ത അമർഷത്തിലായിരുന്നു. ഇതിനെയെല്ലാം തടഞ്ഞു നിർത്തിയത് മുഖ്യമന്ത്രിയുടെ നിലപാടായിരുന്നു.
എന്നാൽ സ്വർണകടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷുമായുള്ള ശിവശങ്കറിന്റെ അടുത്ത ബന്ധവും ഇതുമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും സർക്കാരിനെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ശിവശങ്കറിനെ ഒരു തരത്തിലും സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് പിണറായി. സ്വർണകടത്തുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിൽ ശിവശങ്കറിനെ തന്റെ ഓഫീസിലെ മറ്റാർക്കെങ്കിലോ ബന്ധമുണ്ടെങ്കിൽ ഒരു തരത്തിലുമുള്ള സംരക്ഷണം ഉണ്ടാകില്ലെന്ന ഉറപ്പാണ് മുഖ്യമന്ത്രി പാർട്ടിക്കും സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷി നേതാക്കൾക്കും നൽകിയിരിക്കുന്നത്.
നന്നായി പ്രവർത്തിച്ചുവരുന്നതിനിടയിൽ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെത്തന്നെ ബാധിക്കുന്ന തരത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ ഉന്നതർ തന്നെ സംശയത്തിൻറെ നിഴലിൽ നിൽക്കുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയാണ്.
അന്വേഷണത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തന്നെ വേണമെന്നും സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിൽ ശിവശങ്കറിനേയോ ഇതിൽ ബന്ധപ്പെട്ടു കിടക്കുന്ന ആരേയെങ്കിലുമോ സംരക്ഷിച്ചു നിർത്തുന്ന തരത്തിലുള്ള ഒരു നിലപാടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയില്ല. കെഎസ്ഐടിഎല്ലിന് കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലെയ്സണ് ഓഫീസർ ആയിരുന്നു സ്വപ്ന.
താത്കാലിക നിയമനം ആയിരുന്നു ഇവരുടേത്. ഇന്നലെ ഇവരെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. എന്നാൽ സ്വപ്നയ്ക്ക് ഐടി വകുപ്പ് സെക്രട്ടറിയുമായി വളരെ അടുത്ത ബന്ധമാണെന്ന് ആരോപണം ഉയർന്നത്. ഇവർക്കു സർക്കാർ മുദ്രയുള്ള ഐഡി കാർഡ് ഉണ്ടായിരുന്നതായി ആരോപണമുണ്ട്.
ഇതിനു പിന്നാലെ തിരുവനന്തപുരം മുടവൻമുഗളിൽ സ്വപ്ന താമസിച്ചിരുന്ന ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു ഐടി വകുപ്പ് സെക്രട്ടറിയെന്ന വിവരംകൂടി പുറത്തുവന്നതോടെ ഇനി ഒരു തരത്തിലുമുള്ള സംരക്ഷണം ഉണ്ടാകാനിടയില്ല.
സ്വർണക്കടത്തു കേസിൽ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ശക്തമായി രംഗത്ത് എത്തിയതിനാലും പുതിയ പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുന്നതിനാലും ഇനിയുള്ള നിമിഷങ്ങൾ മുഖ്യമന്ത്രിക്കും സർക്കാരിനും നിർണായകമാണ്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിച്ഛായ നഷ്ടം അത്ര വലുതാണ്.
ഇനി ഇതിൽനിന്നു കരകയറണമെങ്കിൽ ഈ കേസിലെ പ്രതികളെല്ലാം അറസ്റ്റിലാകുകയും അന്വേഷണ പരിധിയിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മാറി നിൽക്കുന്ന തരത്തിലുള്ള തെളിവുകൾ പുറത്തുവരുകയും വേണം.