സിജോ പൈനാടത്ത്
കൊച്ചി: ഇന്നസെന്റിന്റെ മരണത്തിനു പ്രധാന കാരണം അർബുദമാണെന്നു ഞാൻ കരുതുന്നില്ല. അവസാനകാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അടുത്തറിഞ്ഞിട്ടുള്ള ഒരു ഡോക്ടർക്കും അഭിപ്രായം മറിച്ചാവാനിടയുമില്ല.
അർബുദത്തെ അതിജീവിച്ചു മുന്നേറിയ ഇന്നസെന്റ് എന്നത്, എനിക്ക് എന്നും പകർന്നുകൊടുക്കാനുള്ള അസാധാരണവും അദ്ഭുതകരവുമായ മരുന്നാണ്. അർബുദത്തോടു പോരാടുന്ന എല്ലാവർക്കും ഇന്നസെന്റ് എന്ന മരുന്ന് ബലം പകരും…
ഡോ. വി.പി. ഗംഗാധരന്റെ വാക്കുകളിൽ, പത്തു വർഷത്തിലധികം ഇന്നസെന്റിനെ ചികിത്സിച്ചതിലൂടെയും ഒരേ നാട്ടുകാർ എന്ന നിലയിൽ അതിലേറെക്കാലമായുള്ള സൗഹൃദത്തിലൂടെയും രൂപപ്പെട്ട ആത്മബന്ധത്തിന്റെ വിങ്ങലുണ്ടായിരുന്നു.
അർബുദത്തെ പൂർണമായി അതിജീവിച്ചയാളാണ് ഇന്നസെന്റ്. എന്നാൽ, കോവിഡ് അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അവസാന നാളുകളിൽ ആശുപത്രിയിൽ കിടക്കുന്പോഴും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് ഇന്നസെന്റിനെ ഏറെ അലട്ടിയത്.
ഒരിക്കൽ പോലും ചിരിയില്ലാതെ അദ്ദേഹത്തെ കണ്ടിരുന്നില്ല. അർബുദത്തിന്റെ ഓരോ ഘട്ടത്തെയും മനസിലെ നർമം കൊണ്ടും മുഖത്തെ ചിരികൊണ്ടും അദ്ദേഹം നേരിടുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്.
പക്ഷേ, കഴിഞ്ഞ നാളുകളിൽ ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം മെല്ലെ മെല്ലെ മുഖത്ത് ആ ചിരി മായുന്നതു ഞാൻ കണ്ടു…. !!
ചികിത്സയുമായി ബന്ധപ്പെട്ട് ഒടുവിൽ നടത്തിയ സ്കാനിംഗിലും ഇന്നസെന്റിന് അർബുദത്തിന്റേതായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നു ഡോ. ഗംഗാധരൻ.
രണ്ടു മാസം മുന്പായിരുന്നു അവസാനത്തെ സ്കാനിംഗും അനുബന്ധ പരിശോധനകളും. കോവിഡ് ശരീരത്തിന്റെ പ്രതിരോധശേഷിയെ വലിയ തോതിൽ ബാധിച്ചു. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെയാണ് കോവിഡ് തളർത്തിയത്.
ഒരേ നാട്, ഒരേ വിദ്യാലയം
ഡോ. ഗംഗാധരനും ഇന്നസെന്റും ഇരിങ്ങാലക്കുട സ്വദേശികൾ. ഡോക്ടറുടെ ജ്യേഷ്ഠൻ ഡോ. ബാലചന്ദ്രനും ഇന്നസെന്റും ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ ഒരുമിച്ചായിരുന്നു പഠനം. ഇതേ സ്കൂളിലായിരുന്നു ഡോ. ഗംഗാധരനും പഠിച്ചത്. അക്കാലം മുതൽ ഇന്നസെന്റുമായി ഡോ. ഗംഗാധരന് അടുപ്പമുണ്ടായിരുന്നു.
സങ്കടപ്പെടുന്ന മനുഷ്യർക്കായി ജീവിതത്തിലും മരണത്തിലും എനിക്കു പങ്കുവയ്ക്കാനുള്ളതു നർമമാണെന്ന് അദ്ദേഹം ചിരിച്ചുകൊണ്ടു പറയുമായിരുന്നു.
എത്രയോ പേർക്കാണ് ആ വാക്കുകൾ പ്രചോദനമായിട്ടുള്ളത്. രോഗത്തോടുള്ള അദ്ദേഹത്തിന്റെ നർമത്തോടെയുള്ള സമീപനം ചികിത്സയ്ക്കൊപ്പമോ അതിനേക്കാളധികമോ ഗുണം ചെയ്തിട്ടുണ്ട്. അർബുദ ചികിത്സയ്ക്ക് അത്തരമൊരു സമീപനം ഏതൊരു രോഗിക്കും ഗുണുമുണ്ടാക്കുമെന്നുറപ്പാണ്.
ആ കിടപ്പ് കാണാനാവില്ല!
ഇന്നസെന്റ് മരിച്ച ഞായറാഴ്ച രാത്രി മുഴുവൻ അദ്ദേഹത്തിന്റെ ആവശ്യങ്ങളുമായി ഡോ. ഗംഗാധരൻ ലേക്ഷോർ ആശുപത്രിയിലുണ്ടായിരുന്നു.
എങ്കിലും കൊച്ചി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ഡോ. വി.പി. ഗംഗാധരന്റെ അസാന്നിധ്യം പലരും ചർച്ച ചെയ്യുന്നുണ്ടായിരുന്നു.
എന്തുകൊണ്ടു വന്നില്ല എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:ഇന്നസെന്റ് മരിച്ചുകിടക്കുന്നതു കാണാൻ മനസ് അനുവദിക്കുന്നില്ല.
ഇരിങ്ങാലക്കുടയിൽ സംസ്കാരച്ചടങ്ങിലും പങ്കെടുക്കാനാവുമെന്നു തോന്നുന്നില്ല. ഇന്നലെയോളം ആത്മവിശ്വാസം പകരുന്ന, ചിരി മായാത്ത മുഖശോഭ… അതിലൂടെ വിടർന്ന പ്രചോദനാത്മകമായ വാക്കുകൾ… ഇന്നസെന്റിന്റെ ചേതനയുടെ തുടിപ്പ് നെഞ്ചിലുണ്ട്… അതുമതി.