ന്യൂഡൽഹി: ഉപയോക്താക്കൾ ഐടി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾക്കു നിർദേശം നൽകി കേന്ദ്രം. ഡീപ്ഫേക്കുകളുടെ ആധിക്യം കണക്കിലെടുത്താണു നടപടി.
ഇൻസ്റ്റഗ്രാം, എക്സടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്കാണു നിർദേശം. നിർമിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിൽ ഐടി മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം മാധ്യമങ്ങളിൽ അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ എന്തെല്ലാമാണെന്ന് എല്ലാ ഭാഷകളിലും രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
നിയമലംഘകരെ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന പാളിച്ച നിയമപരമായി ഇത്തരം മാധ്യമങ്ങളുടെ പിഴവാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് കൃത്യമായ ധാരണയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്വമാണ്.
തെറ്റായ വിവരങ്ങൾ ഇന്റർനെറ്റ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. നിർമിത ബുദ്ധി ഉപയോഗിച്ചുണ്ടാക്കുന്ന തെറ്റായ വിവരങ്ങൾ ഇത്തരം ഭീഷണി വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡീപ്ഫേക്കുകൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് നേരത്തെ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു.
ഇതു സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്നു പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകൾക്കെതിരേ മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.
നിർമിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിർമിക്കുന്ന, യഥാർഥമെന്ന് തോന്നുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദം ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ തുടങ്ങിയവയെയാണ് ഡീപ്പ് ഫേക്കുകൾ എന്ന് വിളിക്കുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ ചർച്ചയായിരുന്നു. ബോളിവുഡ് താരം കജോൾ നിരവധി നടിമാരുടെ ഡീപ്ഫേക്ക് വീഡിയോകൾ ഇന്ന് ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.