കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് സമാനമായ സംഭവം ഇറ്റലിയിലും. മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയന്‍ വ്യോമസേനയാണ് രക്ഷിച്ചത്.
സമുദ്രനിരപ്പില്‍നിന്ന് 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിന് പോയ കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കാടനാണ് അപകടത്തില്‍പ്പെട്ടത്.
റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേയ്ക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ചു. വ്യോമസേനയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ രാത്രി പറക്കാന്‍ കഴിവുള്ള ഹെലികോപ്റ്റര്‍ എത്തുകയും അതിശൈത്യത്തില്‍ അവശനായ അനൂപിനെ രക്ഷിക്കുകയും ചെയ്തു. തന്റെ ജീവന് രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്ക്കും അനൂപ് നന്ദി അറിയിച്ചു.