പ്രമുഖ ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന വെനീഷ്യന്‍ മാസ്റ്റര്‍ ടിഷ്യന് വെസല്ലിയുടെ (1490-1576) ഒരു പെയിന്റിംഗ് അടുത്തിടെ ലേലത്തിൽ പോയത് 188 കോടി രൂപയ്ക്ക്.
1510ല്‍ ഇരുപതാം വയസില്‍ ടിഷ്യന് വരച്ച “റെസ്റ്റ് ഓണ്‍ ദി ഫ്ളൈറ്റ് ടു ഈജിപ്ത്’ എന്ന കലാസൃഷ്ടിയാണ് ലണ്ടന്‍ ലേലത്തില്‍ റിക്കാര്‍ഡ് തുകയ്ക്കു വിറ്റുപോയത്. പരിശുദ്ധ മാതാവും വിശുദ്ധ ജോസഫും ഉണ്ണിയേശുവും ഒരുമിച്ചു കാലിത്തൊഴുത്തിൽ ഇരിക്കുന്ന ആര്‍ദ്രമായ രംഗമാണ് ചിത്രത്തിൽ. രണ്ടടി വീതിയുള്ള മരത്തില്‍ വരച്ചിരിക്കുന്ന കലാസൃഷ്ടിക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്.
ഓസ്ട്രിയന്‍ ചക്രവര്‍ത്തി ജോസഫ് രണ്ടാമനെപ്പോലുള്ള പ്രമുഖ വ്യക്തികളുടെ ശേഖരത്തിലായിരുന്നു ആദ്യം ചിത്രമുണ്ടായിരുന്നത്. വിയന്നയിലെ ബെല്‍വെഡെരെ കൊട്ടാരത്തില്‍ സൂക്ഷിക്കവെ ഫ്രഞ്ച് സൈന്യം 1809ല്‍ നെപ്പോളിയന്റെ മ്യൂസിയത്തിലേക്കായി ചിത്രം കൊള്ളയടിച്ചു.
പിന്നീട് ഒരു സ്കോട്ടിഷ് ഭൂവുടമയുടെ ഉടമസ്ഥാവകാശത്തിലായി ചിത്രം. 1878ലെ ക്രിസ്റ്റീസ് ലേലത്തില്‍ മറ്റൊരാള്‍ ഇതു വാങ്ങി. 1995ല്‍ ചിത്രം മോഷ്ടിക്കപ്പെട്ടു. എന്നാൽ 2002ല്‍ ഒരു ഡിറ്റക്ടീവിന്റെ ശ്രമഫലമായി ചിത്രം വീണ്ടെടുത്തു.
ലണ്ടനിലെ ഒരു ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് ക്യാരി ബാഗില്‍ ഫ്രെയിമില്ലാതെയാണ് ചിത്രം കണ്ടെത്തിയത്. കാര്യമായ കേടുപാടുകള്‍ ചിത്രത്തിന് സംഭവിച്ചിരുന്നില്ല.
പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യന്‍ സ്കൂള്‍ ചിത്രകാരന്മാരില് പ്രമുഖനായിരുന്നു ടിഷ്യന്. മൈക്കലാഞ്ജലൊയോടൊപ്പം ഇറ്റാലിയന്‍ ചിത്രകലയുടെ പ്രശസ്തി വര്‍ധിപ്പിച്ചു ഈ ചിത്രകാരൻ. യൂറോപ്പിൽ ചിത്രകലയ്ക്ക് ഇപ്പോഴും വലിയ മാര്‍ക്കറ്റാണുള്ളത്.