കോവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ക്ക് പാട്ടിലൂടെ സാന്ത്വനമേകുകയാണ് ഒരു ഇറ്റാലിയന്‍ വൈദികന്.
ഇറ്റാലിയന്‍ വൈദികനായ ഫാ. സിമോണെ ബെര്ബേരി ആണ് മലയാളികള്‍ എന്നും നെഞ്ചോടു ചേര്‍ത്ത്പിടിക്കുന്ന ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍…’ എന്ന ഗാനം ആലപിച്ച് വൈറലായിരിക്കുന്നത്.
ഇറ്റലിയിലെ സെമിനാരിയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി വൈദികര്‍ പാടിനടന്ന യേശുദാസും കെ.എസ് ചിത്രയും ആലപിച്ച ഈ ഗാനം ഫാ. സിമോണെ ബെര്ബേരിയും ആകര്‍ഷിച്ചു.
മലയാളം പഠിക്കാനും മലയാളം പാട്ടുകള്‍ ആസ്വദിക്കാനും ഇദ്ദേഹവും ആഗ്രഹം പ്രകടിപ്പിച്ചതോടെ മലയാളി വൈദികര്‍ ആ ഉദ്യമം ഏറ്റെടുത്തു.
ഒരു ഗായകനും സംഗീതജ്ഞനും കൂടിയായ ഫാ. സിമോണെ ബെര്ബേരി. പെട്ടെന്ന് തന്നെ പാട്ട് പഠിച്ചെടുത്തു. മലയാളത്തിലുള്ള ചില ഭക്തിഗാനങ്ങളും ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.
സംഗീതോപകരണങ്ങളും ഉപയോഗിക്കുന്നതില്‍ പ്രാഗത്ഭ്യമുണ്ടെന്ന് വീഡിയോ എഡിറ്റിംഗ് നിര്‍വഹിച്ച ഫാ. ജേക്കബ് കോറോത്ത് പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപത ദൃശ്യമാധ്യമ വിഭാഗമായ പില്‍ഗ്രീം കമ്മ്യുണിക്കേഷന്‍സ് ആണ് യുട്യൂബ് വീഡിയോ ഇറക്കിയിരിക്കുന്നത്.
‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയ്ക്കു വേണ്ടി ബിച്ചു തിരുമല എഴുതിയ ഈ ഗാനത്തിന് സംഗീതം നല്‍കിയത് ജെറി അമല്‍ദേവ് ആണ്.
കൊവിഡ് ലോക്ഡൗണില്‍ ആയതിനാല്‍ ഇറ്റലിയിലെ വീടിനുള്ളില്‍ ഇരുന്നുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ പിതാവാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഫാ. സിമോണെ ബെര്ബേരി പറയുന്നു.
എന്തായാലും അന്യനാട്ടുകാരുടെ മലയാളത്തെ എന്നെന്നും നെഞ്ചേറ്റിയിട്ടുള്ള മലയാളികള്‍ വൈദികന്റെ പാട്ടും ഹൃദയത്തില്‍ സ്വീകരിച്ചിരിക്കുകയാണ്.