മറയൂര്‍: ലോകം ചുറ്റിസഞ്ചരിക്കുന്ന ഇറ്റാലിയന്‍ യാത്രികന് മറയൂരിലെത്തി. കഴിഞ്ഞ ആറു വര്‍ഷമായി തന്റെ വെസ്പ സ്കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റലിയിലെ മിലാന് സ്വദേശിയായ ഇലാരിയോ വെസ്പാന്‍ഡ (33) യാണ് ഇന്നലെ രാവിലെ മറയൂരിലെത്തിയത്.
2017ല്‍ ജനുവരിയിലാണ് ഇറ്റലിയിലെ മിലാനില്‍നിന്ന് യാത്ര ആരംഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, നോര്‍വെ, സ്വീഡന് എന്നീ രാജ്യങ്ങളും നാല്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും ബംഗ്ലാദേശും പാക്കിസ്ഥാനും സന്ദര്‍ശിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ഇദ്ദേഹം ഇന്ത്യയില്‍ എത്തിയത്. 1968 മോഡല്‍ വെസ്പ സ്കൂട്ടറില്‍ ഇതുവരെ നൂറു രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചെന്നു വെസ്പാന്‍ഡ പറഞ്ഞു.
മറയൂരിലെത്തിയ വെസ്പാന്‍ഡ മറയൂര്‍ സെന്റ് മേരീസ് പള്ളിയിലെത്തി വിശുദ്ധ കുര്‍ബാന സ്വീകരിച്ച് ഇടവക വികാരി ഫാ. ജോസ് മാനുവല്‍ കൈതക്കുഴിയുടെ അതിഥിസൽക്കാരത്തിനുശേഷം കാന്തല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് വികാരി ഫാ. വിക്ടര്‍ ജോര്‍ജറ്റ് മേജറുമായി ആശയവിനിമയം നടത്തി.
ഇറ്റലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മിലാനിലെ തന്റെ ടൂറിസ്റ്റ് ഹോമില്‍നിന്നു കിട്ടുന്ന വരുമാനം പ്രയോജനപ്പെടുത്തിയാണ് ലോകസഞ്ചാരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇനി നേപ്പാള്‍, ചൈന എന്നിവിടങ്ങളില്‍ യാത്ര തുടര്‍ന്ന് പത്തു വര്‍ഷം കൊണ്ട് ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലെയും പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ തനതായ ഭക്ഷണങ്ങള്‍ കഴിച്ച് രുചി ആസ്വദിക്കണമെന്നുമാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ രാജ്യങ്ങളില്‍ കടന്നുചെല്ലുമ്പോള്‍ ആ രാജ്യത്തിന്റെ പേര് തന്റെ സ്കൂട്ടറിന്റെ വശത്തു കുറിച്ചുവയ്ക്കും. സ്കൂട്ടറാണ് കഴിഞ്ഞ ആറു വര്‍ഷമായി തന്റെ കുടുംബവും ഭാര്യയും കാമുകിയുമെല്ലാമെന്നും അദ്ദേഹം പറഞ്ഞു.