മിലാൻ: ഇറ്റാലിയൻ കപ്പ് ഫുട്ബോൾ കിരീടം യുവന്റസിന്. ഫൈനലിൽ എസി മിലാനെയാണ് യുവെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് കീഴടക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം ബെനറ്റിയ (56, 64 മിനിറ്റുകൾ), ഡഗ്ലസ് കോസ്റ്റ (61-ാം മിനിറ്റ്) എന്നിവർ യുവന്റസിനായി ലക്ഷ്യംനേടി. 76-ാം മിനിറ്റിൽ നിക്കോളസ് കലിനിക്കിന്റെ സെൽഫ് ഗോൾകൂടി ആയതോടെ എസി മിലാന്റെ പരാജയം പൂർണം.
തുടർച്ചയായ നാലാം തവണയാണ് യുവെ ഇറ്റാലിയൻ കപ്പ് കിരീടം സ്വന്തമാക്കുന്നത്. യുവെ ഗോളി ജിയാൻ ലൂയിജി ബഫണ് 1999നു ശേഷം ഇറ്റാലിയൻ കപ്പ് ഫൈനൽ കളിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ഏഴ് വർഷമായി എസി മിലാന് ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.