റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ടെന്നീസിലെ മുന്‍നിരക്കാരായ നൊവാക് ജോക്കോവിച്ച്, റഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ മൂന്നാം റൗണ്ടില്‍. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഇവരുടെ മത്സരങ്ങള്‍ മഴമൂലം തടസപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെയാണ് നടന്നത്. ഇതുകൊണ്ട് ഇന്നലെ ഇവര്‍ക്ക് രണ്ടു മത്സരങ്ങളില്‍ ഇറങ്ങേണ്ടിവന്നു.
അതുകൊണ്ടുതന്നെ മൂവരും കൂടുതല്‍ ആയാസപ്പെടാതെയാണ് രണ്ടാം റൗണ്ടില്‍ എതിരാളികളെ കീഴടക്കിയത്. ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ച് 6-1, 6-3ന് ഡെനിസ് ഷാപോവ് ലോവിനെ പരാജയപ്പെടുത്തി. രണ്ടാം നമ്പര്‍ നദാല്‍ 6-0, 6-1ന് ജര്‍മി ചാര്‍ഡിയെ തോല്‍പ്പിച്ചു. മൂന്നാം നമ്പര്‍ ഫെഡറര്‍ 6-4,6-3ന് ജോവോ സോസെയെ തോല്‍പ്പിച്ചു.
സ്റ്റെഫാനോസ് സിറ്റ്സിപാസ് 6-3, 6-2ന് ജാനിക് സിന്നറെ തോല്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. കെയ് നിഷികോരി 6-2, 6-4ന് ടെയ്ലര് ഫ്രിറ്റ്സിനെ തോല്പിച്ചു. യുവാന്‍ മാര്ട്ടിന് ഡെല്‍ പൊട്രോ 6-4, 6-2ന് ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തി.
മാരിന് സിലിച്ച്, നിക് കിര്ഗിയസ് എന്നിവര്‍ പുറത്തായി. സിലിച്ചിനെ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫ് 6-2, 6-3ന് കീഴടക്കി. സ്കോർ 6-3, 6-7(5-7) 2-1ൽനിൽക്കുന്പോൾ കിര്ഗിയസ് കോര്‍ട്ടില്‍ നിന്ന് ഇറങ്ങി പോയി.
മൂന്നാം സെറ്റില്‍ ഓസ്ട്രേലിന്‍ താരം സെര്‍വ് ചെയ്യുന്നതിനിടെ ഒരാള്‍ എഴുന്നേറ്റ് നടന്നത് താരത്തെ ചൊടിപ്പിച്ചു. ഇതോടെ കിര്ഗിയസ് ആളുമായി വാക്കേറ്റം നടത്തി. ഇതോടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കിര്ഗിയസിനു പെനല്‍റ്റി വിധിച്ചു. ഇതില്‍ പ്രകോപിതനായ താരം റാക്കറ്റും കസേരയും കോര്‍ട്ടിന്റെ നടുവിലേക്കു വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി.
ക്വിറ്റോവ മൂന്നാം റൗണ്ടില്‍; ഹാലെപ് പുറത്ത്
വനിതാ സിംഗിള്‍സില്‍ പെട്ര ക്വിറ്റോവ 6-0, 6-1ന് യൂലിയ പുടിന്റ്സേവയെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലെത്തി. മാഡിസണ്‍ കീസിനെ സോഫിയ കെനിന് 6-7(2-7), 6-3, 6-4ന് പരാജയപ്പെടുത്തി. ജൊഹാന്ന കോന്റ 6-2, 6-4ന് വീനസ് വില്യംസിനെ തകര്‍ത്തു. ആഷ് ലി ബാര്‍ട്ടിയെ 6-2, 6-3ന് ക്രിസ്റ്റീന മ്ലാഡെനോവിച്ച് അട്ടിമറിച്ചു. മൂന്നാം റാങ്ക് സിമോണ ഹാലെപ്പിനെ ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍കെറ്റ വോണ്ടുറുസോവ 2-6, 7-5, 6-3ന് അട്ടിമറിച്ചു.