കണ്ടു തഴന്പിച്ച കടലും ഒലീവുമരങ്ങൾ പീലി നിവർത്തിയാടുന്ന മലയോരങ്ങളും കുന്നിൻ മുകളിൽ തട്ടുതട്ടായി പണിതുയർത്തിയ കൊച്ചു കൊച്ചു ടൗണ്‍ഷിപ്പുകളും വീഞ്ഞ് ഒഴുകുന്ന വീഥികളും ഇറ്റലിയിൽ ശൂന്യമായി!
ഇറ്റാലിയൻ ജനതയുടെ പ്രാണവായുവായ ഫുട്ബോൾ മാമാങ്കങ്ങൾ ഉപേക്ഷിച്ചു. മറക്കാനാകാത്ത പ്രണയനഷ്ടം പോലെയുള്ള വേദനയെങ്ങും നിഴലിച്ചുനിൽക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച, മാർച്ച് 21 ന്, ഇറ്റലിയിൽ വസന്തകാലം ആരംഭിച്ചു. വസന്തം, പുതുജീവന്റെ സമയമാണ്; ശിശിരത്തിന്റെ മഞ്ഞു തുള്ളികൾ പുൽനാന്പുകളായി മാറുന്ന സമയം.
പുഷ്പോൽസവം, ഉയിർപ്പു തിരുനാൾ അടങ്ങിയ വിശുദ്ധവാരം, ഇറ്റാലിയൻ ജനതയുടെ വിമോചനദിനം (ഏപ്രിൽ 25), തൊഴിലാളി ദിനം (മേയ് 1), ഇറ്റാലിയൻ റിപ്പബ്ലിക് ആഘോഷം (ജൂണ്‍ 2) എന്നിവ വസന്തത്തിന്റെ പ്രത്യേകതകളാണ്.
പ്രകൃതി ഒരുക്കിയ എണ്ണച്ചായ ചിത്രം പോലെ ഒലീവുമരത്തോപ്പുകൾ വസന്തത്തെ വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞിരുന്നു. ജ്യോതിശാസ്ത്രമനുസരിച്ച് മാർച്ച് ഇരുപതിനു വസന്തം ആരംഭിച്ചുവെങ്കിലും, ഒൗദ്യോഗികമായി മാർച്ച് 21നാണ് വസന്തകാലത്തിന്റെ തുടക്കമായി കണക്കാക്കുന്നത്.
മികച്ച വിനോദസഞ്ചാര കേന്ദ്രമായതുകൊണ്ട്, വസന്തകാലമാണ് ഇറ്റലി സന്ദർശിക്കാൻ നല്ല സമയമായി എല്ലാവരും പരിഗണിക്കുന്നത്. തെളിഞ്ഞ സൂര്യനും, നീണ്ട പകലും, സുഖകരമായ അന്തരീക്ഷോഷ്മാവും വസന്തകാലം ഇറ്റലിക്ക് വർണപ്പകിട്ട് നൽകുന്നു. ഈ കാലചക്രത്തിൽ, ഇറ്റലി അതിന്റെ മധ്യകാലഘട്ടത്തെ പ്രകൃതിഭംഗി മടക്കിക്കൊണ്ടു വരുന്നു.
എന്നാൽ, 2020 ലെ ഈ വസന്തകാലം ഏറ്റവും ഭീതിജനകമായ വാർത്തയോടു കൂടിയാണ് തുടക്കം കുറിച്ചത്. ഈ നൂറ്റാണ്ടിന്റെ മഹാമാരിയായ കോവിഡ് -19 കവർന്നെടുത്ത മനുഷ്യജീവനുകൾ ഇതെഴുതുന്പോൾ ഇറ്റലിയിൽ ആറായിരം കവിഞ്ഞു.
ഓരോ മണിക്കൂറിലും നിരവധി പുതിയ വൈറസ് ബാധിതർ വരുന്നതും ഓരോ ദിനവും മരണനിരക്ക് കുതിച്ചുയരുന്നതും ഇറ്റലിയെ ഇരുണ്ടയുഗത്തിലേക്ക് വലിച്ചെറിയുന്നു.
എവിടെയും മനുഷ്യന്റെ മരണമണി മാത്രം ഉയർന്നു കേൾക്കുന്നു. ശവവാഹികളായി പട്ടാളട്രക്കുകൾ കൂട്ടംകൂട്ടമായി പോകുന്നത് കണ്ടാൽ, ഒരു മൂന്നാംലോക മഹായുദ്ധത്തിന്റെ പ്രതീതി.
ആഗോളവത്കരണത്തിന്റെ കടന്നുകയറ്റത്തിൽ ആരോഗ്യമേഖലയിൽ സ്വീകരിക്കേണ്ട സുപ്രധാന നടപടികൾ കൈകൊള്ളുന്നതിൽ പാളിച്ചകൾ നമുക്ക് സംഭവിച്ചു. അതുകൊണ്ടാണ്, രോഗപ്രതിരോധ സംവിധാനമായ മാസ്കുകൾ പോലും ഇന്ന് ലഭ്യമല്ലാത്തതും രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമില്ലാതെ പോയതും.
ആഗോളതാപനം മൂലം സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിലെ ദുരന്തങ്ങൾ നേരിടാൻ ആരോഗ്യമേഖല സുസജ്ജമാകുന്നതിൽ പരാജയപ്പെട്ടുവെന്ന ഇറ്റാലിയൻ പാർലമെന്റിന്റെ പ്രഖ്യാപനം ലോകത്തിനു തന്നെ ഒരു ഓർമക്കുറിപ്പായി.
സാധിക്കാവുന്നിടത്തോളംഎല്ലാവരും ഭവനങ്ങളിൽ തന്നെ കഴിയുക; അവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക. കൂടിച്ചേരലുകൾ ഒഴിവാക്കുക. കാരണം, അത്യധികം പ്രയാസകരമായ നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
പക്ഷേ, നാമതിനെ ഒരുമിച്ചു കീഴടക്കുക തന്നെ ചെയ്യും, കൊറോണ പിടിമുറുക്കിയ ഇറ്റലിയുടെ വ്യാവസായിക കേന്ദ്രമായ ലൊബാർദിയായുടെ ഭാഗമായ ബ്രേഷയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യൂസെപ്പെ കോന്തെ നടത്തിയ അഭ്യർഥനയാണിത്.
കൊറോണയെ തുരത്താൻ ഇതുവരെ കഴിഞ്ഞില്ലെങ്കിലും ഇറ്റാലിയൻ ജനതയുടെ മുഴുവനും ഹൃദയങ്ങൾ കീഴടക്കിയവരുണ്ട്. ദീർഘവീക്ഷണത്തിലെ പോരായ്മകൾക്കിടയിലും, മറ്റുള്ളവർക്കായി അഹോരാത്രം ജീവിക്കുന്ന ധവളവേഷധാരികളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി മറന്നില്ല.
സൂപ്പർ മാർക്കറ്റുകളിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്പോൾ, ജോലി ചെയ്യുന്നവരുടെ പുഞ്ചിരിക്കുള്ളിലും നിഗൂഢമായ ഒരു ഭയം ഇരച്ചു കയറുന്നത് പ്രകടമാണ്!.
വീടുകളിൽ ആയിരിക്കുന്നത് എന്തിനാണെന്ന് ചിലർക്ക് ഇനിയും മനസിലായിട്ടില്ല. ആവശ്യമുള്ളതുമാത്രം വാങ്ങണം എന്നുള്ളതും അറിയില്ല. എല്ലാദിവസവും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരുണ്ട്.
ചിലർ രാവിലെയും വൈകുന്നേരവും വരുന്നുണ്ട്. മിക്കപ്പോഴും ആവശ്യമുള്ള സുരക്ഷാക്രമീകരണങ്ങൾ പോലും പാലിക്കാതെയാണ് ഇവർ വരുന്നത്, ഇങ്ങനെ നീളുന്നു സൂപ്പർമാർക്കറ്റിലെ പലരുടെയും ആകുലതകളും പരാതികളും.
രണ്ടു കാര്യങ്ങൾ അടിയന്തര പ്രാധാന്യമർഹിക്കുന്നു: ദുരന്തമുഖങ്ങളിലും നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയാതെ പോകുന്നതാണ് ആദ്യത്തെ കാര്യം.
മാനവരാശിയുടെ ഉപരി നന്മയ്ക്കും ആരോഗ്യത്തിനും പൊതുവായ തീരുമാനങ്ങൾ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നില്ല. ഈ പുതിയ പ്രതിഭാസത്തിന്റെ മുന്പിൽ, നമ്മൾ പഠിച്ചതും, ഉയർന്നുവന്ന ബോധ്യങ്ങളും പ്രസക്തമായ വിവരങ്ങളും ലോകം മുഴുവനും പരസ്പരം പങ്കുവയ്ക്കേണ്ടിയിരിക്കുന്നു.
ഹരിത വിപ്ലവത്തിന്റെ ആവശ്യകതയാണ് മറ്റൊന്ന്. കൊറോണ വൈറസ് മനുഷ്യരാശിയെ നിശ്ചലമാക്കി; തൊഴിൽ മേഖലകൾ പ്രവർത്തനനിരതമാക്കി; അതിനെത്തുടർന്ന് റോഡുകൾ വിജനമായി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം – പ്രകൃതി അതിന്റെ പഴമയിലേക്ക് തിരിച്ചു പോകുന്നതാണ്!
ഫാക്ടറികളും വാഹനങ്ങളും അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത് ഗണ്യമായ തോതിൽ കുറഞ്ഞു. മനുഷ്യന്റെ വിവേചനരഹിതമായ പ്രകൃതിയുടെ മേലുള്ള കൈയേറ്റവും അമിതമായ ചൂഷണവും തടയിടാനുള്ള ശുദ്ധി കലാശമാണോ ഈ വൈറസ് ആക്രമണമെന്ന് നാം സംശയിച്ചു പോകും.
ഇറ്റലിയിൽ നിന്ന് ഫാ. അരുണ്‍ദാസ് തോട്ടുവാൽ