റോം: ഇറ്റലിയിലെ മിലാൻ നഗരത്തിലെ വയോജന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ 80 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
നഗരത്തിന്റെ തെക്കുകിഴക്കൻ മേഖലയായ കോർവെറ്റോയിലുള്ള “കാസാ ഡെ കോന്യുഗി’ എന്ന വയോജന കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ മൂന്നിനാണ് അപകടം നടന്നത്. നാല് നിലകളുള്ള കേന്ദ്രത്തിന്റെ ഒന്നാം നിലയിലുള്ള ഒരു മുറിയിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്.
അപകടവിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകരെത്തി ആളുകളെ ഒഴിപ്പിക്കാൻ ആരംഭിച്ചു. നിരവധി അന്തേവാസികൾ വീൽചെയർ ഉപയോഗിക്കുന്നവരായതിനാൽ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ ഇവരെ പുറത്തെത്തിച്ചത്. പരസഹായം കൂടാതെ എഴുന്നേൽക്കാൻ സാധിക്കാത്തവരെ കിടക്കവിരിയിൽ പൊതിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
167 പേർ താമസിച്ചിരുന്ന വയോജന കേന്ദ്രത്തിലെ 80 പേരെ മറ്റൊരു നിലയത്തിലേക്ക് മാറ്റിയെന്നും മറ്റുള്ളവർ ആശുപത്രിയിലാണെന്നും അധികൃതർ അറിയിച്ചു.
തീപിടിത്തം ആരംഭിച്ചതെന്ന് കരുതുന്ന മുറിയിലെ അന്തേവാസികളായ രണ്ട് സ്ത്രീകൾ പൊള്ളലേറ്റാണ് മരിച്ചതെന്നും നാല് പേർ വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നും പോലീസ് വ്യക്തമാക്കി.