ബ്രസൽസ്: അഭയാർഥികളെ കുടിയിറക്കാനുള്ള ഇറ്റാലിയൻ മാതൃക കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ പിന്തുടരുമെന്നു സൂചന. ഇറ്റാലിയൻ മാതൃക യൂറോപ്യൻ യൂണിയൻ (ഇയു) വിശദമായി പഠിക്കുമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ വ്യക്തമാക്കി.
ബ്രസൽസിൽ ഇന്നലെ ആരംഭിച്ച ദ്വിദിന ഇയു ഉച്ചകോടിയുടെ മുഖ്യ അജൻഡയും കുടിയേറ്റ പ്രശ്നമാണ്. കുടിയേറ്റക്കാരെ പുറത്താക്കുന്നതിനു നിയമം വേണമെന്ന നിർദേശം വയ്ക്കുമെന്ന് ഉച്ചകോടിക്കു മുന്പായി ഇയു നേതാക്കൾക്കയച്ച കത്തിൽ ഉർസുല അറിയിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായി ഇറ്റലിയിലെത്തുന്ന കുടിയേറ്റക്കാരെ അൽബേനിയയിലേക്കു മാറ്റാനുള്ള പദ്ധതിക്കാണു കഴിഞ്ഞദിവസം തുടക്കം കുറിച്ചത്. സ്ത്രീകൾ, കുട്ടികൾ, രോഗബാധിതർ എന്നിവരെ ഇറ്റലിയിൽ നിലനിർത്തി ശേഷിക്കുന്നവരെ അൽബേനിയയിലെ രണ്ടു പ്രോസസിംഗ് കേന്ദ്രങ്ങളിലേക്കു മാറ്റുന്നതാണു പദ്ധതി.
കഴിഞ്ഞദിവസം ഇങ്ങനെ 16 പേരെ അൽബേനിയയിലെത്തിച്ചു. ഇതിൽ പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തിയ രണ്ടു പേരെയും രോഗബാധിതരായ രണ്ടു പേരെയും ഇറ്റലിയിലേക്കു തിരിച്ചു കൊണ്ടുപോകും.
പ്രോസസിംഗ് കേന്ദ്രങ്ങളുടെ ചുമതല ഇറ്റാലിയൻ സർക്കാരിനാണ്. ഇറ്റലിയിലെ നിയമങ്ങളായിരിക്കും ഇവിടെ ബാധകം. പണം മുടക്കുന്നതും ഇറ്റലിയാണ്.
മറ്റു യൂറോപ്യൻ രാജ്യങ്ങളും കുടിയേറ്റ നിയന്ത്രണ പദ്ധതികൾ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. അഭയം നിഷേധിക്കപ്പെടുന്ന കുടിയേറ്റക്കാരെ ഉഗാണ്ടയിലേക്ക് അയയ്ക്കാൻ ആലോചിക്കുന്നതായി ഡച്ച് സർക്കാർ ബുധനാഴ്ച അറിയിച്ചു.
കുടിയേറ്റനിയമം കർശനമാക്കുമെന്നു ഫ്രാൻസും പ്രഖ്യാപിച്ചിട്ടുണ്ട്. അഭയം തേടാനുള്ള അവകാശം താത്കാലികമായി റദ്ദാക്കാൻ പോളിഷ് സർക്കാരും തീരുമാനിച്ചു.
കുടിയേറ്റക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്നതും കുടിയേറ്റവിരുദ്ധ തീവ്ര വലതുപക്ഷ പാർട്ടികൾ ശക്തിപ്പെടുന്നതുമാണ് യൂറോപ്യൻ രാജ്യങ്ങളെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുന്നത്.