കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമാണ് ഇറ്റലി. അവരെക്കാൾ കുറഞ്ഞ പൊതുജനാരോഗ്യ സംവിധാനങ്ങളുള്ള ഏഷ്യൻ രാജ്യങ്ങൾക്കു സാധിക്കുന്നത്ര പോലും രോഗവ്യാപനം തടഞ്ഞു നിർത്താൻ ഇറ്റലിക്കു സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്?
പ്രായമേറിയ തലമുറയുടെ ആധിക്യമാണ് ഒരു കാരണം. ശരാശരി ആയുർ ദൈർഘ്യത്തിന്റെ കാര്യത്തിൽ ലോകത്ത് ആറാം സ്ഥാനമുള്ള രാജ്യമാണ് ഇറ്റലി. ഇവിടെ ഒരാൾ ശരാശരി 84 വയസ് വരെ ജീവിച്ചിരിക്കുന്നു.
2018ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ ജനങ്ങളിൽ 23 ശതമാനവും 65 വയസിനു മുകളിലുള്ളവരായിരുന്നു. യൂറോപ്പിൽ ഈ അനുപാതം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. പ്രായമേറിയവരെയാണ് കൊറോണ വൈറസ് കൂടുതലായി കടന്നാക്രമിക്കുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നു.
സാമൂഹിക അകലം എന്ന സങ്കൽപ്പം ഇറ്റലിക്കാർക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. കെട്ടിപ്പിടിക്കുന്നതും മുത്തം കൊടുക്കുന്നതുമെല്ലാം ഒഴിവാക്കാൻ കഴിയാത്ത ആചാരമര്യാദകളാണ് അവർക്ക്.
മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഉയർന്ന ജനസാന്ദ്രതയും ഇറ്റലിയിൽ സ്ഥിതി കൂടുതൽ വഷളാക്കി. ഒരു ചതുരശ്ര മൈലിൽ 533 പേർ എന്ന കണക്കിലാണ് ഇവിടത്തെ ജനസാന്ദ്രത.
ജർമനിയിൽ ഇത് 235 പേർ മാത്രമാണ്. യുഎസിൽ വെറും 94 പേരും. ഇറ്റാലിയൻ ജനതയിൽ മൂന്നിൽരണ്ടും നഗരവാസികളുമാണ്. അവിടങ്ങളിൽ ഈ ജനസാന്ദ്രത പതിൻമടങ്ങ് അധികവുമാണ്.
രോഗം ആദ്യം രൂക്ഷമായി പടർന്നു പിടിച്ച രാജ്യത്തിന്റെ വടക്കൻ മേഖല വലിയ ബിസിനസ് ഹബ്ബാണെന്നതും രോഗവ്യാപനത്തിന്റെ ആക്കം കൂട്ടി.