തൃശൂർ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ എല്ലാ സർക്കാർ ആഘോഷങ്ങളും വേണ്ടെന്ന് വെച്ച സാഹചര്യത്തിൽ തൃശൂരിൽ നടത്താറുള്ള അന്താരാഷ്ട്ര നാടകോത്സവം – ഇറ്റ്ഫോക്ക് – ഇത്തവണ നടക്കാനിടയില്ല. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കാറുള്ള ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള അഥവാ ഇറ്റ്ഫോക്ക് 2008ലാണ് ആരംഭിച്ചത്.
ഏറ്റവും പുതിയ എഡിഷന്റെ രജിസ്ട്രേഷൻ നടപടികൾ നടന്നുവരുന്നതിനിടെയാണ് കേരളം പ്രളയക്കെടുതിയിലകപ്പെട്ടതും ആഘോഷങ്ങൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതും. 2019 ജനുവരിയിലാണ് ഇറ്റ്ഫോക്ക് നടത്തേണ്ടത്. ഇതിന്റെ ഒരുക്കങ്ങളുമായി കേരള സംഗീത നാടക അക്കാദമി മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഈ മാസം 15 വരെ രജിസ്ട്രേഷന് സമയം നൽകിയിരുന്നു.
ഏഷ്യൻ തീയറ്ററിന് പ്രാമുഖ്യം നൽകിയാണ് ഇറ്റ്ഫോക്കിന്റെ പതിനൊന്നാം എഡിഷൻ ആസൂത്രണം ചെയ്തിരുന്നത്. സാംസ്കാരികവകുപ്പു മന്ത്രിയുമായി സംസാരിച്ചപ്പോൾ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇറ്റ്ഫോക്ക് നടത്താൻ നിർവാഹമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ പറഞ്ഞു.
ഈ മാസം പത്തിന് വീണ്ടുമൊരു ചർച്ച കൂടി നടത്തുന്നുണ്ടെന്നും അതിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ചെറിയ രീതിയിൽ ഇറ്റ്ഫോക്ക് മുടങ്ങാതെ നടത്താനുള്ള പദ്ധതികളും ചർച്ച ചെയ്യുമെന്ന് സെക്രട്ടറി സൂചിപ്പിച്ചു. അരുന്ധതി നാഗ്, എം.കെ.റെയ്ന, കുമാരവർമ എന്നിവരാണ് ഇത്തവണത്തെ ഇറ്റ്ഫോക്ക് ഡയറക്ടർമാർ.
കലോത്സവങ്ങളും ചലച്ചിത്രമേളകളും പൊലിമ കുറച്ച് നടത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നതുപോലെ ഇറ്റ്ഫോക്കും പൊലിമ കുറച്ച് നടത്തണമെന്ന് നാടകപ്രേമികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വിദേശരാഷ്ട്രങ്ങളിൽ നിന്നുള്ള നാടകസംഘങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരുന്പോൾ എങ്ങിനെ ചിലവു കുറയ്ക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ട്.