സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിലെ നാടകപ്രേമികൾക്ക് ലോകോത്തര നാടകങ്ങൾ കാണിച്ചു കൊടുത്ത കേരള സംഗീത നാടക അക്കദാമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്ക് ഇത്തവണ നടത്തുമോ എന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല.
പ്രളയക്കെടുതി മൂലം കലാപരിപാടികളെല്ലാം വേണ്ടെന്ന് വെച്ച പശ്ചാത്തലത്തിൽ ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള അഥവാ ഇറ്റ്ഫോക്ക് നടത്തുന്ന കാര്യവും ആശയക്കുഴപ്പത്തിലായി.
സാംസ്കാരിക വകുപ്പുമന്ത്രിയുമായി അക്കാദമി അധികൃതർ ഇതു സംബന്ധിച്ച ചർച്ച നടത്തിയിട്ടില്ല. 2019 ജനുവരിയിലാണ് ഇറ്റ്ഫോക്കിന്റെ പുതിയ എഡിഷൻ നടത്തേണ്ടത്. ഇറ്റ്ഫോക്കിലേക്കുള്ള നാടകങ്ങളുടെ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ സ്ക്രീനിംഗ് നടക്കാനിരിക്കുകയാണ്. പ്രാഥമിക ഒരുക്കങ്ങളെല്ലാം നടത്തിയെന്ന് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ പറഞ്ഞു.
ഇറ്റ്ഫോക്കിനോടനുബന്ധിച്ച് ആഘോഷമായി നടത്താറുള്ള വിവിധ കലാപരിപാടികൾ, നാടൻ കലാ അവതരണങ്ങൾ, സെമിനാറുകൾ എന്നിവയെല്ലാം ഒഴിവാക്കി നാടകാവതരണം മാത്രമാക്കി ഇത്തവണ ഇറ്റ്ഫോക്ക് നടത്താമെന്നാണ കേരള സംഗീത നാടക അക്കാദമിയുടെ നിലപാട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അടുത്തു തന്നെ അക്കാദമി സെക്രട്ടറിയടക്കമുള്ള ഭാരവാഹികൾ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയേയുംസാംസ്കാരിക വകുപ്പുമന്ത്രിയെയും കണ്ട് ചർച്ച നടത്തും.