സ്വന്തം ലേഖകൻ
തൃശൂർ: ലോകനാടകക്കാഴ്ചകളുടെ തിരശീല ഉയർത്തി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം – ഇറ്റ്ഫോക്ക് 20ന് ആരംഭിക്കും. ഇറ്റ്ഫോക്കിന്റെ പതിനൊന്നാം എഡിഷനാണിത്. വൈകീട്ട് അഞ്ചിന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ഇറ്റ്ഫോക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന നാടകാചാര്യൻ പ്രസന്നയ്ക്ക് 2019ലെ അമ്മന്നൂർ പുരസ്കാരം മന്ത്രി സമ്മാനിക്കും.
ഉദ്ഘാടനത്തിനുശേഷം ഇറ്റ്ഫോക്ക് പതിനൊന്നാം എഡിഷനിലെ ആദ്യ നാടകമായി ശ്രീലങ്കയിൽനിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന തിത്തകഹാത്ത/ബിറ്റർ നെക്ടർ അരങ്ങേറുമെന്ന് അക്കാദമി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, തൃശൂർ പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ചു വേദികളിലായാണ് 20 മുതൽ 26 വരെ ഇറ്റ്ഫോക്ക് അവതരിപ്പിക്കപ്പെടുക.
ആറു വിദേശ നാടകങ്ങളടക്കം പതിമൂന്നു നാടകങ്ങൾ മേളയിലുണ്ട്. കൂടുതൽ പേർക്കു കാണാനായി വിദേശനാടകങ്ങളെല്ലാം രണ്ടും മൂന്നും തവണ ആവർത്തിച്ച് അവതരിപ്പിക്കും. അന്പതു രൂപയാണ് ഒരു നാടകം കാണാനുള്ള പ്രവേശന ടിക്കറ്റിന്റെ നിരക്ക്. നാളെ മുതൽ ഓണ്ലൈൻ വഴിയും ഫെസ്റ്റിവൽ ദിവസങ്ങളിൽ ഓരോ നാടകത്തിനു മുന്പായി അക്കാദമിയിലെ കൗണ്ടറിൽനിന്നും ടിക്കറ്റുകൾ ലഭിക്കും.
ബിറ്റർ നെക്ടർ (ശ്രീലങ്ക), വാട്ടർ പപ്പറ്റ് ഷോ (വിയറ്റ്നാം), ദി വെൽ (ഇറാൻ), ദി റിച്ച്വൽ (ഇറ്റലി), ദി മെയ്ഡ്സ് (മലേഷ്യ), മിഡ് സമ്മർ നൈറ്റ്സ് ഡ്രീംസ് (ഇറാൻ), ഡാർക് തിംഗ്സ് (ന്യൂഡൽഹി), പ്രൈവസി (ഹരിയാന), കറുപ്പ് (പോണ്ടിച്ചേരി) എന്നിവയും കേരളത്തിൽനിന്ന് അലി-ബിയോണ്ട് ദി റിംഗ്, ഹിഗ്വിറ്റ – എ ഗോളീസ് ആങ്സൈറ്റി അറ്റ് പെനാൽട്ടി കിക്ക്, ശാകുന്തളം – എ ടേൽ ഓഫ് ഹണ്ട്, നൊണ എന്നീ നാടകങ്ങളാണ് ഇറ്റ്ഫോക്കിലുൾപ്പെടുത്തിയിരിക്കുന്നത്.
അഞ്ചു സെമിനാറുകളും ഉണ്ടായിരിക്കും. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിൽ ഇന്ത്യയിലെ പ്രശസ്തരായ നാടകപ്രവർത്തകരും എഴുത്തുകാരും പങ്കെടുക്കും. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണ് കെ.പി.എ.സി.ലളിത, സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, ഫെസ്റ്റിവൽ ഡയറക്ടർ ജി.കുമാരവർമ, ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.