തിരുവനന്തപുരം: കടുത്ത ചൂടിൽ സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ. സാധാരണയെക്കാൾ ഉയർന്ന ചൂട് ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണ് സാധ്യത.
ആറ് ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെൽഷ്യസ്.
തൃശൂരിലും കോഴിക്കോട്ടും കണ്ണൂരിലും താപനില 38 നും 39 നും ഇടയിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാതപവും നിര്‍ജലീകരണവും വരാതെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. അതേസമയം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. വ്യാഴ്ചയോടെ മഴ മെച്ചപ്പെട്ടേക്കും.