കോഴിക്കോട്: കോഴിക്കോടിന്റെ പേരും പ്രശസ്തിയും അഭ്രപാളികളിലെത്തിച്ച പ്രിയ സംവിധായകനെ അവസാനമായി ഒരു നോക്കുകാണാൻ കഴിയാതെ കോഴിക്കോട് നഗരം. 63-ാം, വയസിൽ അദ്ദേഹത്തെ ആദരിച്ച ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുവരുമെന്ന പ്രതീക്ഷ അവസാനനിമിഷം വരെ ഉണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല.
തിരക്കഥാകൃത്തുക്കളായ ദാമോദരൻ മാസ്റ്റർ, ടി.എ. റസാഖ്, ടി.എ. ഷാഹിദ് എന്നിവർക്ക് വിടയേകിയ നഗരത്തിന് പക്ഷെ ഐ.വി.ശശി എന്ന പ്രിയ സംവിധായകന് വിടയേകാനുളള അവസരം ലഭിച്ചില്ല. സംവിധായകനും സുഹൃത്തുമായ രഞ്ജിത്ത് കോഴിക്കോട്ടേക്ക് മൃതദേഹം കൊണ്ടുവരണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ അത് ഒറ്റപ്പെട്ട ശബ്ദമായി ഒതുങ്ങി.
ചെന്നെയിൽ നിന്നു മൃതദേഹം ഇവിടെ എത്തിക്കാനുളള ബുദ്ധിമുട്ടും കുറേക്കാലമായി ജന്മനാട്ടിൽ നിന്നു മാറിത്താമസിക്കുന്നതും മൃതദേഹം ഇങ്ങോട്ടുകൊണ്ടുവരേണ്ടെന്ന നിലപാടിലേക്ക് ബന്ധുക്കളെ എത്തിച്ചു. ശശിയുടെ വേർപാടിൽ കോഴിക്കോട് ടൗണ്‍ഹാളിൽ 27 ന് വൈകിട്ട് അഞ്ചിന് അനുശോചന യോഗം ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കലാകാരന്മാരെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുളള കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വിയോഗം തീരാവേദനയായി.