മലയാളത്തിലെ മാതൃകാ താരദമ്പതികള്‍ എന്ന പേര് നേടിയവരായിരുന്നു, ഐവി ശശിയും സീമയും. സിനിമയെ വെല്ലുന്ന ബന്ധമാണ് ഈ താരജോഡികള്‍ തമ്മില്‍ നിലനിന്നിരുന്നത്. തന്റെ പതിനാറാം വയസ്സിലാണ് സീമ സിനിമാ ലോകത്ത് എത്തുന്നത്. ഐവി ശശി സംവിധാനം ചെയ്ത അവരുടെ രാവുകള്‍ എന്ന എ പടത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ആ തുടക്കം. ഇന്നും സീമ അറിയപ്പെടുന്നത് ആ ചിത്രത്തിലൂടെയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനും നായികയും തമ്മില്‍ പ്രണയത്തിലായി. ഷൂട്ടിംഗ് തീര്‍ന്ന് സിനിമ റിലീസ് ചെയ്യുമ്പോഴേക്കും ഐ വി ശശി തന്റെ പ്രണയം സീമയെ അറിയിച്ചിരുന്നു.
ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച, പത്രപ്രവര്ത്തകന് സക്കീര്‍ ഹുസൈന് എഴുതിയ, തിരയും കാലവും എന്ന പുസ്തകത്തില്‍ സീമയുമായി തന്റെ പ്രണയം മൊട്ടിട്ടതിനെക്കുറിച്ച് ഐവി ശശി മനസുതുറന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ..’അവളുടെ രാവുകളിലെ ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം ഞങ്ങള്‍ക്കിടയില്‍ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സില്‍ പ്രണയം നിറഞ്ഞപ്പോള്‍ അക്കാര്യം ആദ്യമായി അറിയിച്ചത് കമല്‍ഹാസനെയായിരുന്നു. ‘നന്നായി ശാന്തി നല്ല കുട്ടിയാണ്’ എന്നായിരുന്നു അവന്റെ പ്രതികരണം. പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയന്, രജനീകാന്ത്, മധുസാര്‍, സോമന്, സുകുമാരന്‍…. എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു.’
സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ”ശശിയേട്ടന് എന്നെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടനെ വേണം. അല്ലെങ്കില്‍ എന്നെ മറന്നേക്കണം”.. സീമയുടെ വാക്കുകള്‍ ഞാന്‍ ഉള്‍ക്കൊണ്ടു. 1980 ആഗസ്ത് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാംനാള്‍ ഞങ്ങള്‍ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി’.
പ്രണയത്തിനൊപ്പം മലയാള സിനിമയില്‍ സീമയും വളര്‍ന്നു. അവരുടെ രാവുകള്‍ മലയാളത്തിന്റെ ചരിത്രമായി. 1974 മുതല്‍ ഇങ്ങോട്ട് സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സീമ നിറ സാന്നിധ്യമായി വളരുകയും ചെയ്തു. സിനിമാലോകത്ത് സീമ വളരുന്നതിനൊപ്പം ഐവി ശശിയുമായുള്ള പ്രണയവും വളര്‍ന്നു. എന്നും തന്റെ ഇഷ്ടനായിക സീമയാണെന്നാണ് ഐവി ശശി പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇതുവരെ ആ പറഞ്ഞതില്‍ മാറ്റമുണ്ടായിരുന്നില്ല താനും. ചുരിക്കം ചില അവസരങ്ങളില്‍, ്ടുത്തകാലത്തുള്പ്പെടെ ഇരുവരുമ വേര്‍പിരിയുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ചേര്‍ന്ന് അവ നിഷേധിക്കുകയായിരുന്നു. ഒരു വിവാദങ്ങളിലും ഈ ദമ്പതികള്‍ പെട്ടിരുന്നില്ല എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മുപ്പതോളം സിനിമകളില്‍ ഐവി ശശി സീമയെ നായികയാക്കി എന്നതും ചരിത്രം. 1980 ലാണ് ഐവി ശശിയുടെയും സീമയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം സീമയും ഐവി ശശിയും ചെന്നൈയിലേക്ക് താമസം മാറി. മക്കളായ അനുവിന്റെയും അനിയുടെയും വിദ്യാഭ്യാസമൊക്കെ അവിടെയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത സീമ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് തിരിച്ചെത്തിയത്