ചാത്തന്നൂർ : ഇത്തിക്കരയാറ്റിലെ ഒഴുകുന്ന വെള്ളത്തിൽ പൊങ്ങി കിടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊച്ചു മിടുക്കി ഇവ ജെയിംസ്. ചാത്തന്നൂർ ഇത്തിക്കയാറ്റിലെ പള്ളിക്കമണ്ണടി കടവിൽ 20 മിനിറ്റ് 20 സെക്കൻഡ് 66 മില്ലി മിനിറ്റ് സമയം പൊങ്ങിക്കിടന്നാണ് ഫ്ലോട്ടിംഗ് ഇൻ റിവർ ഫോർ ദി ലോംഗസ്റ്റ് ഡൂറേഷൻ ബൈ എ കിഡ് എന്ന റെക്കോർഡ് ഈ ആറു വയസുകാരി കരസ്ഥമാക്കിയത്.
ഈ വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന റിക്കാർഡ് പത്ത് മിനിട്ടിൽ താഴെയുള്ളതായിരുന്നു. അതിന്റെ ഇരട്ടിയിലേറെ സമയം വെള്ളത്തിൽ പൊങ്ങി കിടന്നാണ് ഇവ റിക്കാർഡ് സ്വന്തമാക്കിയത്. 25 മിനിട്ടിലധികം ഇവ വെള്ളത്തിൽ പൊങ്ങി കിടക്കുമെന്ന് പരിശീലകൻ കൂടിയായ പിതാവ് ജയിംസ് പറഞ്ഞു.
പത്തനംതിട്ട സീതത്തോട് ഫയർ ഫോഴ്സിലെ സ്കൂബാ ടീമിൽ അംഗമാണ് ചാത്തന്നൂർ താഴം വടക്ക് ജയിംസ് ഭവനിൽ ജയിംസ് . സെൻട്രൽ ഇൻഡസ്ട്രീയൽ സെക്യൂരിറ്റി ഫോഴ്സ് അംഗമായിരുന്ന ജയിംസ് ആറുകൊല്ലത്തെ സർവീസിന് ശേഷം കേരള ഫയർ ഫോഴ്സിൽ ജോലി കിട്ടിയപ്പോഴാണ് രാജിവച്ച് നാട്ടിലെത്തി ഫയർ ഫോഴ്സിൽ ചേർന്നത്. ജയിംസിന്റെ ഇളയ മകളാണ് ഇവ ജയിംസ്. മൂത്ത മകൾ നാലാം ക്ലാസുകാരിയായ ബീവ ജയിംസും നീന്തൽ രംഗത്ത് വിദഗ്ധയാണ്. പക്ഷേ റിക്കാർഡ് ബുക്കിൽ ഇടം നേടാനായത് അനിയത്തി ഇവ ജയിംസിനാണ്.
2014 ൽ ഫയർഫോഴ്സിൽ ചേർന്നതിന് ശേഷം മിലിട്ടറി, പോലീസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പരിശീലകനായ ജയിംസ് നീന്തൽപരിശീലനം നല്കുന്നുണ്ട്. ഇത്തിക്കരയാറ്റിലെ പള്ളിക്കമണ്ണടി കടവിലാണ് പരിശീലനം. രണ്ട് വയസ് പ്രായമായപ്പോൾ മുതൽ ഇവയും നീന്തൽ പരിശീലനം ആരംഭിച്ചു.
ഒഴുകുന്ന വെള്ളത്തിൽ തന്നെയാണ് കുഞ്ഞ് ഇവയും പരിശീലനം നടത്തിയത്. പള്ളിക്ക മണ്ണടി കടവിൽ 15 മുതൽ 25 അടി വരെ താഴ്ചയുള്ള സ്ഥലത്തായിരുന്നു ഇവയുടെ പരിശീലനം. 25 അടി താഴ്ചയുള്ള ഭാഗത്ത് കുത്തൊഴുക്കിൽ 20 മിനിട്ടിലധികം പൊങ്ങി കിടന്നാണ് ഇവ ചരിത്രം കുറിച്ചത്. ഇവയ്ക്കും സഹോദരി ബീവയ്ക്കും ഒപ്പം സമപ്രായക്കാരായ പത്തോളം കുട്ടികൾ ജയിംസിന്റെ കീഴിൽ ഇപ്പോൾ നീന്തൽ പരിശീലനം നടത്തി വരുന്നുണ്ട്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷിത സംവിധാനത്തിലാണ് പരിശീലനം. വെള്ളത്തിലകപ്പെട്ടാൽ സ്വയം രക്ഷപ്പെടാനുള്ള പരിശീലനം എന്നതിനപ്പുറം അച്ചടക്കവും ആരോഗ്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കൂടി ലക്ഷ്യമിട്ടാണ് പരിശീലനം നല്കുന്നതെന്ന് ജയിംസ് . നീന്തൽ പരിശീലനം നല്കുന്നതിന് ആവശ്യമായ കുളങ്ങളോ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലെന്ന പരാതിയും ജയിംസ് ഉന്നയിച്ചു.
ഇത്തരം പരിമിതികളെ അതിജീവിച്ചാണ് ഇവ ജയിംസ് എന്ന ആറുവയസുകാരി ചരിത്ര നേട്ടം കുറിച്ചതും കുട്ടികൾക്ക് മാതൃകയായതും. അമ്മലീനയും ഇവയുടെ നീന്തൽ മോഹങ്ങൾക്ക് പരമാവധി പിന്തുണയും പ്രോത്സാഹനവും നല്കുന്നുണ്ട്. ഇവ ചരിത്ര നേട്ടം കുറിച്ചതറിഞ്ഞ് വിവിധ സംഘടനകളും വ്യക്തികളും വീട്ടിലെത്തി അഭിനന്ദിക്കുകയുംഅനുമോദിക്കുകയും ചെയ്യുന്നുണ്ട്.
പ്രദീപ് ചാത്തന്നൂർ