കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ്, സ്ഥാനാർഥി നിർണയം എന്നിവ സംബന്ധിച്ച് അന്തിമ ചർച്ചകൾക്ക് എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം ഡിസിസിയിലെത്തും.
താരിഖ് അൻവറും ഐവാൻ ഡിസൂസയും മുൻപ് ജില്ലാതല നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഇന്നു ചർച്ച നടത്തുക.ഐശ്വര്യ കേരള യാത്രയ്ക്കു ശേഷം കോണ്ഗ്രസ് സീറ്റുവിഭജന ചർച്ചകളിലേക്ക് കടക്കും.
കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം ജില്ലയിൽ കടുത്തുരുത്തിക്കു പുറമേ ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയണ്.ഇക്കാര്യത്തിൽ ഡിസിസി നേതൃത്വത്തിന്റെ അഭിപ്രായം ഐവാൻ ഡിസൂസ ആരായും.
പി.സി. ജോർജിനെ യുഡിഎഫിൽ എടുക്കണമെന്നുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്. പ്രാദേശി നേതൃത്വം കടുത്ത എതിർപ്പ് പറയുന്നുണ്ടെങ്കിലും സംസ്ഥാന കോണ്ഗ്രസ് നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ജോർജിനെ എടുത്താൽ പൂഞ്ഞാർ സീറ്റ് ജോസഫ് വിഭാഗത്തിനു നൽകാൻ സാധിക്കില്ല. ചങ്ങനാശേരി സീറ്റിനായി കെ.സി.ജോസഫ് ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്.
എന്നാൽ സി.എഫ്. തോമസിന്റെ സീറ്റ് വിട്ടുനൽകാൻ ജോസഫ് വിഭാഗം തയാറല്ല. ഏറ്റുമാനൂരിലും കോണ്ഗ്രസ് കണ്ണുവച്ചിട്ടുണ്ട്. ഫിലിപ്പ് ജോസഫും ലതികാ സുഭാഷുമാണ് ഇവിടെ സീറ്റിനായി നോട്ടമിട്ടിരിക്കുന്നത്.
ജില്ലയിൽ ഇപ്പോൾ കോണ്ഗ്രസ് മത്സരിക്കുന്ന സീറ്റുകൾ എ വിഭാഗത്തിനാണ്. അതിനാൽ ഇനി ലഭിക്കുന്ന സീറ്റ് ഐ വിഭാഗത്തിനു വേണമെന്ന ഐ വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
പൂഞ്ഞാർ സീറ്റ് ലഭിച്ചില്ലെങ്കിൽ ഏറ്റുമാനൂർ വേണമെന്നാണ് ടോമി കല്ലാനിയുടെ ആവശ്യം. കാഞ്ഞിരപ്പള്ളി സീറ്റിനായും കോണ്ഗ്രസ് ശക്തമായി രംഗത്തുണ്ട്. ഇവിടെ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ പേരാണ് പരിഗണനയിലുള്ളത്.
ജോസഫ് വിഭാഗവും കോണ്ഗ്രസും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നാൽ കോട്ടയം ജില്ലയിലെ യുഡിഎഫിന്റെ സീറ്റു വിഭജനം കീറാമുട്ടിയാകുമെന്ന് ഉറപ്പാണ്. ജില്ലയിലെ ഈ സീറ്റുകൾ ലക്ഷ്യമിട്ട് ജോസഫ് ഗ്രൂപ്പിലും നിരവധിയാളുകളാണുള്ളത്.
പാർട്ടി ലീഡർ പി.ജെ.ജോസഫ് പലർക്കും സീറ്റ് വാഗ്ദാനവും നടത്തിയിട്ടുണ്ട്. ഇവർക്ക് സീറ്റ് ലഭിക്കാതെ വന്നാൽ ഇവരുടെ നിലപാടും നിർണായകമായിരിക്കും.
ഡിസിസിയിലെത്തുന്ന എഐസിസി സെക്രട്ടറി ഡിസൂസ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ് തുടങ്ങി ഡിസിസി, പിസിസി ഭാരവാഹികളുമായും വിലയിരുത്തൽ നടത്തും.
ഒന്പതു നിയോജകമണ്ഡലങ്ങളിലേയും വിജയസാധ്യത, പരിമിതികൾ, അനുയോജ്യരായ സ്ഥാനാർഥികൾ എന്നിവരെ സംബന്ധിച്ച വിലയിരുത്തലുണ്ടാകും.
പ്രാചാരണത്തിൽ ഏതൊക്കെ നിലകളിൽ ശ്രദ്ധ നൽകണമെന്നും മുൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചർച്ച നടത്തും. ഐഎൻടിയുസി ജില്ലാ നേതൃയോഗത്തിലും ഡിസൂസ പങ്കെടുക്കുന്നുണ്ട്.