വാഷിംഗ്ടണ്‍: അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിതാവ് വീണ്ടും വിജയിച്ചാൽ വൈറ്റ് ഹൗസിലെ തന്റെ റോളിൽ തുടരില്ലെന്ന് ഇവാങ്ക ട്രംപ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാങ്കയുടെ മറുപടി.
സിബിഎസിന് നൽകിയ അഭിമുഖത്തിനിടെ ഇവാങ്കയോട് അടുത്ത വർഷം തലസ്ഥാനത്ത് തന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫെയ്സ് ദി നേഷനോട് പറഞ്ഞത്, ’എൻറെ കുട്ടികളും അവരുടെ സന്തോഷവുമാണ് എന്റെ ഒന്നാമത്തെ പരിഗണന’ എന്നാണ് മറുപടി നൽകിയത്.
ഇവാങ്കയ്ക്കും 38 കാരനുമായ ഭർത്താവ് ജാരെഡ് കുഷ്നറിനും അറബെല്ല (8), ജോസഫ് (6), തിയോഡോർ (3) എന്നീ മൂന്നു മക്കളുണ്ട്.
’എന്റെ തീരുമാനങ്ങൾ എല്ലായ്പ്പോഴും എന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ആവശ്യങ്ങൾക്ക് പ്രഥമവും പ്രധാനവുമായി പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതിനാൽ അവരുടെ ആ ഉത്തരമാണ് എനിക്ക് പ്രധാനം,’ ഇവാങ്ക കൂട്ടിച്ചേർത്തു.
ഞങ്ങളിരുവരും വൈറ്റ് ഹൗസിൽ ജോലി ചെയ്യാനായി 2017-ൽ കുടുംബവുമായി ന്യൂയോർക്കിൽ നിന്ന് വാഷിംഗ്ടണിലേക്ക് താമസം മാറ്റി. ആദ്യമായി തലസ്ഥാനത്ത് എത്തിയപ്പോൾ, താൻ ന്യൂയോർക്ക് വിടുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ഇവാങ്ക പറഞ്ഞു. ’ഒരു സന്ദർശകയെപ്പോലെ’ വാഷിംഗ്ടണ്‍ ഡിസിയിൽ സമയം ചെലവഴിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ഇവാങ്ക പറഞ്ഞു.
റിപ്പോർട്ട്: മൊയ്തിൻ പുത്തൻചിറ