ഒറ്റപ്പാലം: കോവിഡ് രണ്ടാം വ്യാപനത്തോടെ ഐവർമഠം ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ തിരക്കേറി. ശാപമോക്ഷം തേടി ആത്മാക്കളലയുന്പോൾ അസ്തികൾ ശേഖരിച്ച മണ്‍കുടങ്ങൾ സൂക്ഷിക്കാനാവാതെ ശവസംസ്ക്കാര നടത്തിപ്പുകാർ.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് സൂക്ഷിച്ചവയിൽ അധികവും. മുന്‍പ് ഒന്നോ,രണ്ടോ കോവിഡ് മൃതദേഹങ്ങൾ വന്നിരുന്ന സ്ഥാനത്ത് മുപ്പതിന് മുകളിൽ മൃതദേഹങ്ങൾ വന്ന ദിവസങ്ങളുണ്ടായിട്ടുണ്ടെന്ന് പാന്പാടി തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ മരണാനന്തര കർമ്മങ്ങൾ നടത്തുന്ന രമേശ് കോരപ്പത്ത് സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ സമീപ ദിവസങ്ങളിൽ ചെറിയ കുറവു വന്നിട്ടുണ്ട്. ഒരു മൃതദേഹം ദഹിപ്പിക്കാൻ ചുരുങ്ങിയത് നാലുപേരെങ്കിലും വേണം.ഇവർക്കെല്ലാം പിപിഇ കിറ്റുകളും ആവശ്യമാണ്. സർക്കാർ പിപിഇ കിറ്റുകൾക്ക് വില നിശ്ചയിച്ചതോടെ പിപിഇ കിറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
നേരത്തെ 6 മണി വരെയാണ് ഇവിടെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോഴിത് രാത്രി 8 മണി വരേക്ക് സമയം വർദ്ധിപ്പിച്ചിട്ടുണ്ട്.മരണനിരക്ക് വർദ്ധിച്ചത് തന്നെ കാരണം. ബലിതർപ്പണമടക്കമുള്ള മറ്റ് മരണാനന്തര കർമ്മങ്ങൾ മുഴുവൻ ഇവിടെ നിർത്തിവച്ചിരിക്കുകയാണ്. അസ്തികൾ പുഴയിൽ ഒഴുക്കുന്നതും വിലക്കിയിട്ടുണ്ട്.
സംസ്ക്കാരം നടത്തിയവരുടെ അസ്തികളെല്ലാം വായ മൂടിക്കെട്ടിയ മണ്‍കുടത്തിലാക്കി തിരികെടാത്ത വിളക്കിന് മുന്പിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൈന്ദവ മതാചാരപ്രകാരം അസ്തികൾ പുണ്യ ഘട്ടങ്ങളിൽ ഒഴുക്കിയാലെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂ.
സർക്കാറിന്റെ അനുമതി ലഭിച്ചാലെ ഇവ പുഴയിൽ ഒഴുക്കുന്നതടക്കമുള്ള കർമ്മങ്ങൾ പുനരാരംഭിക്കാനാവൂ.പുതുതായി സംസ്ക്കരിക്കുന്നവരുടെ എണ്ണകൂടുതൽ കാരണം അസ്തികൾ ശേഖരിച്ചു വച്ച മണ്‍കുടങ്ങൾ സൂക്ഷിക്കാൻ സ്ഥലസൗകര്യം പോലുമില്ലാത്ത അവസ്ഥയുണ്ടെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
ഇവ യഥാസമയം പുഴയിൽ നിമഞ്ജനം ചെയ്യാൻ അനുമതി അടിയന്തിരമായി നൽകേണ്ടതുണ്ട്.കോവിഡ് ബാധിച്ച് മരിച്ചവരുടെ ജഡങ്ങൾക്കൊപ്പം സ്വാഭാവിക മരണം സംഭവിച്ചെത്തുന്നവരുടെ മൃതദേഹങ്ങളും നിളാതീരത്ത് സംസ്ക്കരിക്കുന്നുണ്ട്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റ ബന്ധുക്കൾ പോലും മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ ചെറു വിരലനക്കി സഹായിക്കാറില്ലന്ന് സംസ്ക്കാരം നടത്തുന്നവർ പറയുന്നു.രോഗബാധ ഭയന്ന് തന്നെയാണ് ഇത്. സ്ട്രക്ച്ചറിൽ പോലും ഇവർ തൊടില്ലന്ന് സംസ്ക്കാരം നടത്തുന്നവർ ചൂണ്ടി കാണിക്കുന്നു.
പ്രതിഫലം ലഭിച്ചിട്ടാണങ്കിൽ പോലും ജീവൻ പണയപ്പെടുത്തിയാണ് തങ്ങൾ ശവസംസ്ക്കാരം നടത്തുന്നതെന്ന് ഇവർ ചൂണ്ടി കാണിക്കുന്നു.
കൊറോണ ബാധിച്ച് മരിച്ച ഉറ്റവരുടെ മൃതദേഹവുമായത്തി ശ്മശാനത്തിൽ സ്വത്ത് കാര്യം പറഞ്ഞ് വഴക്ക് കൂടിയ ബന്ധുക്കളും പിപിഇ കിറ്റണിഞ്ഞ് മരിച്ചയാൾക്ക് മുദ്രാവാക്യം മുഴക്കിയവരും മൃതദേഹം ചേക്കയിൽ വച്ച് തീ കൊടുത്ത മാത്രയിൽ തന്നെ സ്ഥലം വിട്ടവരുമെല്ലാം ഈ കോവിഡ് കാലത്ത് കാഴ്ച്ച വട്ടങ്ങളായെന്ന് ഇവിടെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
ആളുകൾ മരിച്ച് വീഴുന്ന ഈ കോവിഡ് കാലവും ഇത്തരക്കാരിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലന്ന് ഇവർ പറയുന്നു.