മൂന്ന് രക്ഷിതാക്കളുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. യുവതീയുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വന്ധ്യതയാണ് ഇതിന് കാരണമായി പറയുന്നത്. ഇത്തരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനിതകവൈകല്യം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് പേരുടെ ജനിതകഘടകങ്ങളുമായുള്ള കുട്ടിക്ക് ജന്മം നല്കാന് ബ്രിട്ടന് അനുമതി നല്‍കിയത്. എന്നാല്‍ ഇതില്‍ വന്‍ അപകടം ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ലാന്‍സെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഡിഎന്‍എയിലെ രോഗസാധ്യതയുള്ള ജനിതകഘടകങ്ങള്‍ മൂന്നാമതൊരാളുടെ ആരോഗ്യമുള്ള ജനിതക ഘടകങ്ങള്‍ വഴി മറികടക്കുന്നതാണ് മൂന്ന് രക്ഷിതാക്കളെന്ന രീതിക്ക് പ്രചാരം ലഭിക്കാന്‍ കാരണം. ഇതുവഴി ജനിതകമായി തലമുറകള്‍ വഴി പകര്‍ന്നു കിട്ടുന്ന രോഗങ്ങളെ തടയാന്‍ കഴിയുമെന്നതാണ് പ്രധാന ഗുണമായി ഉയര്‍ത്തി കാണിക്കുന്നത്. അണ്ഡവും ബീജവും ശരീരത്തിന് പുറത്തുവെച്ച് സംയോജിപ്പിക്കുന്ന ഐവിഎഫ് ചികിത്സയിലാണ് ഈ സാധ്യത ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്ന് രക്ഷിതാക്കളുള്ള കുട്ടികള്‍ പിറക്കുന്നതിന് അനുമതി നല്‍കിയിരുന്നെങ്കിലും പൊതു സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുകളുയര്‍ന്നിരുന്നു. ശാസ്ത്രജ്ഞര്‍ക്ക് പുറമേ റോമന്‍ കത്തോലിക്ക ചര്‍ച്ചും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഇത്രയേറെ സങ്കീര്‍ണ്ണമായ പ്രക്രിയക്ക് വിധേയനാകുന്ന കുട്ടിയുടെ സമ്മതമില്ലാതെയാണ് ഇത് നടക്കുന്നതെന്നതാണ് ശാസ്ത്രലോകത്തിന്റെ എതിര്‍പ്പിന്റെ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ കുഞ്ഞ് ബ്രിട്ടനില്‍ പിറന്നത്. മൈറ്റോകോണ്ട്രിയല് ഡിഎന്‍എ മാറ്റിവെക്കല്‍ രീതി ഭാഗ്യത്തെ മാത്രമാശ്രയിച്ചു നടക്കുന്ന കാര്യമാണെന്നും, മൈറ്റോകോണ്ട്രിയല് ഡിഎന്‍എ മാറ്റിവെക്കല്‍ യഥാര്‍ഥത്തില്‍ ഒരു പരീക്ഷണമാണെന്നും, കുഞ്ഞുങ്ങളില്‍ ഇത്തരം അപകടകരമായ പരീക്ഷണങ്ങള്‍ പാടില്ലെന്നാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഏതായാലും ഇത്തരം സാഹസികത നിറഞ്ഞ പരിപാടികള്‍ തുടരുമോ ഇല്ലയോ എന്ന് കണ്ടുതന്നെയറിയണം.