ബെയ്ജിംഗ്: അജ്ഞാത വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം നാലായി. 89 വയസുള്ള ആളാണ് ഞായറാഴ്ച മരിച്ചത്. കൊറോണ വൈറസ് ബാധിച്ചാണ് ഇയാൾ മരിച്ചതെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെത്തുടർന്നാണ് ഇയാളെ ആശുപത്രിയിൽ ്പ്രവേശിപ്പിച്ചത്.
അതേസമയം കൊറോണ വൈറസ് ബാധ ചൈനയിൽ കൂടുതൽ നഗരങ്ങളിലേക്ക് പടരുകയാണ്. ഒരു ഇന്ത്യക്കാരിയിൽ ഉൾപ്പെടെ ഇരുനൂറിലേറെ പേരിലാണ് രോഗംബാധിച്ചത്. വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
വുഹാൻ നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. ബെയ്ജിംഗ്, ഷാങ്ഹായ്, ഷെൻഷെൻ നഗരങ്ങളിൽ രോഗം പടർന്നു പിടിക്കുകയാണ്. തായ്ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന യോഗം വിളിച്ചിട്ടുണ്ട്.
കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതൽ മാരകമായ സാർസ് രോഗംവരെ പരത്തുന്ന മാരകമായ വൈറസുകളുടെ കൂട്ടമാണ് കൊറോണ. പനിയും ശ്വാസവൈഷമ്യവുമാണു പ്രധാന ലക്ഷണങ്ങൾ. ചൈനയിലെ വുഹാനിയിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ബാധ ഉത്ഭവിച്ചതെന്ന് കണ്ടെത്തി.
2000ൽ റിപ്പോർട്ട് ചെയ്ത സാർസ് വൈറസ് പല രാജ്യങ്ങളിലായി 774 പേരുടെ ജീവനെടുത്തിരുന്നു. അതിനോട് സാമ്യമുള്ള വൈറസാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബറിൽ വുഹാനിലാണ് ആദ്യം ഈ വൈറസ് ബാധ റിപ്പോർട്ടു ചെയ്തത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകി. ഫാമുകൾ, മൃഗ ചന്തകൾ, കശാപ്പുശാലകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം.
പകുതി പാചകം ചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ചൈനയിൽ നിന്നുവർക്ക് വിമാനത്താവളത്തിൽ വൈദ്യപരിശോധന കർശനമാക്കി.