ഇടി വെട്ടിയവനെ പാന്പും കടിച്ചു എന്നതാണ് ബ്രിട്ടീഷ് വംശജനായ ഇയാൻ ജോൺസിന്റെ സ്ഥിതി. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയവെയാണ് ഇയാൻ ജോൺസിനെ രാജവെന്പാല കടിച്ചത്.
രാജവെന്പാല കടിച്ചാൽ മരണം ഉറപ്പ് എന്നതാണെങ്കിലും ഇവിടെ ഇയാൻ ജോൺസിനെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്.
മരിച്ചില്ല. പക്ഷേ, കാഴ്ച ശക്തി നഷ്ടപ്പെട്ടും ശരീരത്തിന്റെ ഒരു ഭാഗം തളർന്നും രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം.
ചാരിറ്റി പ്രവർത്തകനായ ഇയാൾ കഴിഞ്ഞ കുറെ കാലമായി രാജസ്ഥാനിലാണുള്ളത്. അവിടത്തെ പാവങ്ങളുടെ ദുരിതം കണ്ടറിഞ്ഞു സഹായിക്കുന്നതിനിടെയാണ് കോവിഡും പിന്നാലെ രാജവെന്പാലയും കടന്നുവരുന്നത്.
നിലവിൽ ഇയാളെ ബാധിച്ചിട്ടുള്ള അന്ധതയും പക്ഷാഘാതവും ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധിക്കുമെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. അതിൽ ഇയാൻ ജോൺസിന്റെ ബന്ധുക്കൾക്കും പ്രതീക്ഷയുണ്ട്.
എന്നാൽ, വന്പൻ ആശുപത്രി ബില്ലുകളാണ് ബന്ധുക്കളെ ഇപ്പോൾ വേട്ടയാടുന്നത്. ആശുപത്രി ചെലവുകൾക്കായി ഇയാൻ ജോൺസിനെ അറിയുന്നവർ GoFundMe എന്ന പേരിൽ ഒരു കാന്പയിൻ ആരംഭിച്ചിട്ടുണ്ട്.
ഇയാന്റെ മകൻ സെബ് അച്ഛനെ കുറിച്ച് ഇങ്ങനെ പറയുന്നു- “ഡാഡ് ഒരു പോരാളിയാണ്, ഇന്ത്യയിൽ കഴിയുമ്പോൾ കോവിഡിന് മുമ്പുതന്നെ മലേറിയ, ഡെങ്കിപ്പനി എന്നിവ ബാധിച്ചിരുന്നു.
എന്നിട്ടും ഇന്ത്യയിലെ പാവങ്ങൾക്കായി തുടരാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ദരിദ്ര കുടുംബങ്ങളെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമാണ്’.