വയല്‍ക്കാറ്റിന്‍ കുളിര്‍മയില്‍ ഗാന്ധിജിയെ അറിയാം; ജേയെസ് ഫാമില്‍ ഇനി ഗാന്ധി പാര്‍ക്കും

fb-vayal

ഏറ്റുമാനൂര്‍: ഇനിയിവിടം വിനോദത്തിനുവേണ്ടി മാത്രമുള്ള ഇടമല്ല. വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ തുറന്നുവയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ മഹാത്മാഗാന്ധിയെ കാണും. കണ്ടും കേട്ടും അറിയും. രാഷ്ട്രപിതാവിനൊപ്പം കുറേനേരം സഞ്ചരിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ആയിരങ്ങള്‍ക്ക് വിനോദകേന്ദ്രവും കാര്‍ഷിക പഠനകേന്ദ്രവുമായിരുന്നു നീണ്ടൂര്‍ ജേയെസ് ഫാമില്‍ കുട്ടികള്‍ക്കായി ഗാന്ധിപാര്‍ക്ക് തുറന്നിരിക്കുന്നു. ഗാന്ധി ജയന്തി ദിനമായ ഇന്നലെയാണ് പാര്‍ക്ക് തുറന്നുകൊടുത്തത്.

പാര്‍ക്കിന്റെ നടുവില്‍ ഗാന്ധിജിയുടെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നു. പ്രതിമയ്ക്ക് ചുറ്റുമായി ഊഞ്ഞാലും സിസോയും പോലുള്ള ഒട്ടേറെ വിനോദോപാധികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്കിടയില്‍ തണല്‍വിരിച്ചു നില്‍ക്കുന്ന മരങ്ങളില്‍ ഗാന്ധി സൂക്തങ്ങള്‍ രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നേര്‍ത്ത ശബ്ദത്തില്‍ ദേശഭക്തിഗാനം കേള്‍ക്കാം. ഇത് കുട്ടികളുടെ മനസിലേക്ക് അവരറിയാതെ ഗാന്ധിജിയുടെ സ്വാധീനം കടന്നുവരാന്‍ ഇടയാക്കുമെന്നു ഫാം മാനേജിംഗ് ഡയറക്ടര്‍ ജോയി ചെമ്മാച്ചേല്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ ഒരു ഗാന്ധിപാര്‍ക്ക് ആദ്യമാണ്.

ഗാന്ധി പാര്‍ക്കിനു പുറമേ കൃഷിയുമായി ബന്ധപ്പെട്ട അറിവുകളുടെ അക്ഷയഖനിയാണിവിടം. വിവിധ കൃഷിരീതികളും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം പരിചയപ്പെടാന്‍. പരമ്പരാഗത കൃഷിയുപകരണങ്ങളുടെ വന്‍ശേഖരവുമായി കാര്‍ഷിക മ്യൂസിയവും ഉണ്ട്. ഇവിടെ പ്രവേശനം സൗജന്യമാണ് എന്ന പ്രത്യേകതയുമുണ്ട്.   മന്ത്രി വി.എസ്. സുനില്‍കുമാറാണ് പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നുകൊടുത്ത ത്. കെ. സുരേ ഷ് കുറുപ്പ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ടോമി കല്ലാനി, അഡ്വ. വി.ബി. ബിനു, ഫാ. സജി മെത്താനത്ത്, എ.സി. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts