കാഞ്ഞിരപ്പള്ളി: ബ്രസീലിയൻ പഴമായ ജബോട്ടിക്കാബ അഥവാ മരമുന്തിരിയുടെ സ്വാദ് നമ്മുടെ നാട്ടിലും.
ചേനപ്പാടി മരോട്ടിച്ചുവട് തറപ്പേൽ ടി.എം. തോമസിന്റെ മകൻ അജോയി തോമസിന്റെ പഴവർഗ ഉദ്യാനത്തിലാണ് ജബോട്ടിക്കാബ പഴുത്ത് പാകമായത്.
കടും പർപ്പിൾ ജബോട്ടിക്കാബ പഴങ്ങൾ നിറഞ്ഞുനിൽക്കുന്നതു കാണാൻ വളരെ മനോഹരമാണ്.
പഴുക്കുന്പോൾ വയലറ്റ് നിറമാകുന്ന പഴങ്ങൾക്കു മുന്തിരിയുടെ രൂപവും രുചിയുമാണ്.
മാധുര്യമേറിയ പഴങ്ങളിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, വൈറ്റമിൻ സി, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
മുന്തിരിയേക്കാൾ സ്വാദാണ് ജബോട്ടിക്കാബയ്ക്കെന്ന് അജോയ് പറയുന്നു.
കല്ലുപ്പാറ ഐഎച്ച്ആർഡി കോളജിലെ അധ്യാപകനായ അജോയ് പണ്ടു മുതലേ പഴവർഗ കൃഷിയിൽ താത്പരനാണ്.
റംബുട്ടാൻ, ദുരിയാൻ, അബിയു, അച്ചാചെയ്റു, സാന്തോൾ, കെപ്പൽ, ഗവർണേഴ്സ് പ്ലം തുടങ്ങിയ നൂറിലധികം പഴവർഗങ്ങൾ ഇദ്ദേഹത്തിന്റെ ഉദ്യാനത്തിലുണ്ട്.