കോട്ടയം: കോട്ടയം ടൗണിൽനിന്ന് കടത്തിക്കൊണ്ടു പോയ ജെസിബി തമിഴ്നാട്ടിലെത്തി അപ്രത്യക്ഷമായി. ഒന്നര മാസം കഴിഞ്ഞിട്ടും ജെസിബി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിൽ 21നാണ് നഗരത്തിലെ ബേക്കർ ജംഗ്ഷനിൽനിന്നും ജെസിബി തട്ടിയെടുത്തത്. പരാതി ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കോയന്പത്തൂർ വരെയെത്തി. കോയന്പത്തൂരിൽ ജെസിബി കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് എങ്ങോട്ടു പോയി എന്നു കണ്ടെത്താനായില്ല. പോലീസ് സംഘം ഏതാനും ദിവസം തമിഴ്നാട്ടിൽ പലയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ജെസിബിയുടെ പൊടിപോലും കണ്ടെത്താനായില്ല.
ബേക്കർ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിനു ജെസിബി ഓടിച്ചുപോകുന്നതു കണ്ടെത്താൻ കഴിഞ്ഞു. പകൽ പണിക്ക് ശേഷം രാത്രിയിൽ റോഡരികിൽ പാർക്കുചെയ്തിരുന്ന ജെസിബിയാണ് കാണാതായത്. കോട്ടയം നഗരത്തിലെ കെഎസ്ടിപിയുടെ റോഡ് നവീകരണ ജോലിക്കായി കരാറുകാരൻ എത്തിച്ച ജെസിബിയാണു കാണാതായത്.